സി.പി.എമ്മിന് ചെയ്യുന്ന ഓരോ വോട്ടും ബി.ജെ.പിയെ ജയിപ്പിക്കാന്‍ കാരണമാകും : പി.കെ കുഞ്ഞാലിക്കുട്ടി

Jaihind News Bureau
Wednesday, October 16, 2019

മഞ്ചേശ്വരത്ത് സി.പി.എമ്മിന് ചെയ്യുന്ന ഓരോ വോട്ടും ബി.ജെ.പിയെ ജയിപ്പിക്കാൻ കാരണമാകുമെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ബി.ജെ.പി യെ തോൽപിക്കണമെന്ന ആഗ്രഹം ഉള്ള ആരും സി.പി.എമ്മിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി മഞ്ചേശ്വരം ഉപ്പളയിൽ പറഞ്ഞു.

മഞ്ചേശ്വരത്ത് യു.ഡി.എഫിന് വ്യക്തമായ മേൽക്കൈയാണുള്ളത്. മൂന്നാം സ്ഥാനത്ത് ആകുമെന്ന് ഇടതുപക്ഷത്തിന് വ്യക്തമായതുകൊണ്ടാണ് ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കാൻ സി.പി.എം ശ്രമിക്കുന്നതെന്ന് പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.

സി.പി.എമ്മിന് ചെയ്യുന്ന വോട്ടിന്‍റെ ഗുണഭോക്താവ് ബി.ജെ.പിയാണ്. ന്യൂനപക്ഷങ്ങളിലും, മതേതര വിശ്വാസികളിലും തെറ്റിദ്ധാരണ പരത്താനാണ് സി.പി.എം ശ്രമമെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. മഞ്ചേശ്വരം മണ്ഡലത്തിൽ 4 വർഷമായി ഒരു വികസന പ്രവർത്തനവും നടത്തിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ തുറന്ന് സമ്മതിച്ചിരിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ സി.പി.എമ്മിന് പ്രസക്തിയില്ല. ബി.ജെ.പിയെ പ്രതിരോധിക്കാൻ യു.ഡി.എഫിനെ കഴിയൂ. സി.പി.എമ്മിന് ചെയ്യുന്ന വോട്ടുകൾ ബി.ജെ.പിക്ക് സഹായകരമാകും. ബി.ജെ.പി യെ തോൽപിക്കണമെന്ന ആഗ്രഹം ഉള്ള ആരും സി.പി.എമ്മിന് വോട്ട് ചെയ്തിട്ട് കാര്യമില്ല.

മഞ്ചേശ്വരം മണ്ഡലത്തിന്‍റെ വികസനം നടക്കണമെങ്കിൽ യു.ഡി.എഫ് ജയിക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളായ കെ.പി.എ മജീദ്,  പി.കെ ഫിറോസ് തുടങ്ങിയവരും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.