ശബരിമല വിഷയത്തില്‍ സർക്കാർ സർവകക്ഷി യോഗം വിളിക്കണം

Jaihind Webdesk
Thursday, October 4, 2018

ശബരിമല വിഷയത്തില്‍ സർക്കാർ സർവ്വകക്ഷി യോഗം വിളിക്കണമെന്ന്  മുസ്ലീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി.

ശബരിമല വിഷയത്തില്‍ വിശ്വാസികൾക്ക് പവിത്രമായ നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന്  പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിശ്വാസികളുടെ വിശ്വാസം മാനിക്കണം. കോടതിയിൽ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തെറ്റായി പോയെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിശ്വാസങ്ങൾക്കും വരാവുന്ന കാര്യങ്ങളാണ് ഇത്. മത വിശ്വാസത്തിനെതിരായ ഒരു പാട് കാര്യങ്ങൾ കോടതി വിധിയായി അടുത്ത കാലത്ത് വന്നു. വിധിക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. യുഡിഎഫ് ഒറ്റക്കെട്ടായി ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികൾക്കൊപ്പമല്ല. ആചാരവും, അനാചാരവും ഒരുമിച്ച് എതിർക്കുന്നത് വിശ്വാസികളല്ല.  കിട്ടിയ അവസരം മുതലെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നോക്കുന്നതെന്ന്  കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും മുസ്ലീം ലീഗ് നേതാവ് ആവശ്യപ്പെട്ടു.

ബ്രൂവറി വിഷയത്തില്‍ ഒരു ചർച്ചയും കൂടാതെയാണ് കാര്യങ്ങൾ മുന്നോട്ട് പോയതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ  നേതാവ് പറഞ്ഞതിന് ലീഗിന്‍റെ  പൂർണ്ണ പിന്തുണയുണ്ടെന്നും  അദ്ദേഹം പറഞ്ഞു.