വർഗീയത പ്രചരിപ്പിച്ച് വോട്ടുമറിക്കാൻ കോപ്പുകൂട്ടുന്നവരെ ജനം പാഠംപഠിപ്പിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Jaihind News Bureau
Monday, October 7, 2019

വർഗീയത പ്രചരിപ്പിച്ച് വോട്ടുമറിക്കാൻ കോപ്പുകൂട്ടുന്നവരെ ജനം പാഠംപഠിപ്പിക്കുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മഞ്ചേശ്വരത്തടക്കം സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ വോട്ട് താഴോട്ട് പോകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം പി ഉപ്പളയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ തന്നെയാകും ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തുറന്നുകാട്ടുക. ജീവിത നിലവാരത്തകർച്ച, സാമ്പത്തിക പ്രതിസന്ധി, വികസന മുരടിപ്പ് ഇതൊക്കെ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നിലപാടുകളുടെ പ്രകടമായ തെളിവുകളാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി വർഗീയ പ്രചരിപ്പിക്കുന്ന ബി.ജെ.പി ഈ ഉപതെരഞ്ഞെടുപ്പോടെ താഴോട്ട് പോകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.

ദേശീയതലത്തിലടക്കം ഫാസിസം പ്രചരിപ്പിച്ച് കാര്യം നേടാനുള്ള ബി.ജെ.പി തന്ത്രം അധികകാലം വിലപ്പോവില്ല. പാർട്ടിക്കകത്ത് ഇപ്പോഴുണ്ടായിരിക്കുന്ന അനൈക്യത്തിന്‍റെ കാരണം ഈ യാഥാർഥ്യം മനസിലാക്കിയത് കൊണ്ടാണ്.   മഞ്ചേശ്വരത്തിന്‍റെ പിന്നോക്കാവസ്ഥക്ക് കാരണം കേരള സർക്കാറാണ്.

മഞ്ചേശ്വരത്തടക്കം സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി താഴോട്ട് പോകും. മഞ്ചേശ്വരത്തടക്കം അഞ്ചിടത്തും പ്രചാരണ രംഗത്ത് യു.ഡി.എഫ് മുന്നിലാണ്. സ്ഥാനാർത്ഥി നിർണയം തൊട്ടിങ്ങോട്ട് ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, പാറക്കൽ അബ്ദുല്ല എം.എൽ.എ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നിൽ, തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.