ലോക്ഡൗൺ : ഡോക്ടറെ കാണാന്‍ പോകുന്നവരെ തടയരുതെന്ന് ഡിജിപി

Jaihind News Bureau
Saturday, April 11, 2020

ലോക്ക് ഡൗണിനിടെ ഡോക്ടറെ കാണാന്‍ പോകുന്നവരെ തടയരുതെന്ന് ഡിജിപി. ഡോക്ടറെ കാണാന്‍ ക്ലിനിക്കിലേയ്ക്ക് പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഫോണ്‍ നമ്പരടക്കം ഡോക്ടറെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കില്‍ അവരെ തടയരുതെന്നാണ് നിർദ്ദേശം. എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. ഡോക്ടറെ കാണാന്‍ പോകുന്ന മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരെ പലയിടങ്ങളിലും തടഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

ഡോക്ടറെ കാണാന്‍ പോകുന്നവര്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം യാത്ര ചെയ്യാന്‍ എന്നും അദ്ദേഹം പറഞ്ഞു. സംശയം തോന്നുന്നപക്ഷം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡോക്ടറെ ഫോണില്‍ വിളിച്ച് സംശയനിവൃത്തി വരുത്താം. എന്നാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ അതിനു മുതിരാവൂ എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.