2019 ലോക്സഭാ തെരഞ്ഞെടുപ്പ് : തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകളില്‍ പൊരുത്തക്കേട്; സുപ്രീം കോടതി നോട്ടീസ് അയച്ചു

Jaihind Webdesk
Saturday, December 14, 2019

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടർമാരുടെ എണ്ണവും പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും തമ്മിലുള്ള പൊരുത്തക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. 347 നിയോജകമണ്ഡലങ്ങളിലെ കണക്കുകളിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി രണ്ട് എന്‍.ജി.ഒകള്‍ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നടപടി.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ), കോമൺ കോസ് എന്നീ സംഘടനകളാണ് ഹര്‍ജി സമർപ്പിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ഇത്തരം ക്രമക്കേടുകൾ സംഭവിക്കാതിരിക്കാന്‍ ശക്തമായ ടപടി സ്വീകരിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് 2020 ഫെബ്രുവരിയിൽ ഹർജികളില്‍ വാദം കേൾക്കും.

വിവിധ നിയോജകമണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണത്തില്‍ വ്യാപകമായ ക്രമക്കേടുകളുണ്ടെന്ന് വിദഗ്ധസംഘത്തെ ഉപയോഗിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നതായി എ.ഡി.ആര്‍ പറയുന്നു. ഇലക്ഷന്‍ കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച കണക്കുകളും വോട്ടർമാരുടെ എണ്ണവും തമ്മില്‍ വ്യാപകമായ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍. നേരത്തെ വോട്ടിംഗ് യന്ത്രത്തിലെയും വോട്ടര്‍പട്ടികയിലെയും ക്രമക്കേടുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയർന്നിരുന്നു. ഇപ്പോള്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചത് സംഭവത്തിന്‍റെ ഗൌരവം വർധിപ്പിക്കുന്നു.