ശബരിമല : പ്രതിഷേധിച്ച പരികർമികളുടെ വിവരശേഖരണം; നടപടിക്ക് ബോർഡ് നീക്കം?

Jaihind Webdesk
Friday, October 19, 2018

ശബരിമലയിൽ പ്രതിഷേധിച്ച പരികർമികളുടെ വിവരം ശേഖരിക്കാൻ ദേവസ്വം ബോർഡിന്‍റെ നിർദേശം. പതിനെട്ടാംപടിക്ക് താഴെ പ്രതിഷേധ സമരത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശബരിമല മേൽശാന്തി, മാളികപ്പുറം മേൽശാന്തി എന്നിവരോടാണ് ബോർഡ് ആരാഞ്ഞിട്ടുള്ളത്. ഇവരുടെ പേരിൽ ബോർഡ് നടപടിയെടുക്കാനുള്ള സാധ്യതയുണ്ട്.

സുപ്രീം കോടതി വിധിയനുസരിച്ച് പൊലീസ് സംരക്ഷണത്തോടെ ശബരിമല ദർശനത്തിനായി യുവതികൾ സന്നിധാനത്തെത്തിയപ്പോഴാണ് അവിടെ പ്രതിഷേധമുയർന്നത്. ആക്ടിവിസ്റ്റ് രഹന ഫാത്തിമ, ആന്ധ്രയിൽ നിന്നുമെത്തിയ വനിതാ മാധ്യമപ്രവർത്തക എന്നിവരാണ് ദർശനം നടത്താൻ ശബരിമലയിൽ എത്തിയത്.

നടപ്പന്തലിലെത്തിയ യുവതികളെ തടഞ്ഞ 200 പേർക്കെതിരെയും പൊലീസ് കേസെടുത്തു. സന്നിധാനത്തെ നടപ്പന്തലിൽ യുവതികൾ എത്തിയതോടെയാണ് പരികർമികളടക്കം പതിനെട്ടാംപടിക്ക് താഴെ നാമജപസമരത്തിൽ ഏർപ്പെട്ടത്. ഇതോടെ സന്നിധാനത്ത് പ്രതിഷേധം കടുത്തു. തുടർന്ന് പൊലീസ് സംരക്ഷണത്തിൽ വന്ന യുവതികളെ അയ്യപ്പ ഭക്തരും കുട്ടികളും ചേർന്ന് നടപ്പന്തലിൽ തടഞ്ഞു.

ഇതോടെ ഐ.ജി ശ്രീജിത് ചർച്ചയ്ക്കായി രംഗത്തെത്തി. ചർച്ച നടക്കുന്ന സമയം മുഴുവൻ പരികർമികൾ പതിനെട്ടാംപടിക്ക് കീഴിൽ നാമജപത്തോടെ ഇരിപ്പുറപ്പിച്ചു. യുവതികൾ ക്ഷേത്രദർശനം നടത്തിയാൽ നട അടച്ച് താക്കോൽ കൈമാറാൻ പന്തളം കെട്ടാരം തന്ത്രിക്ക് നിർദേശം നൽകി. ഇതോടെ തന്ത്രിയും അതേ നിലപാടെടുത്തു. യുവതികൾ ക്ഷേത്രദർശനം നടത്തിയാൽ നട അടച്ച് താക്കോൽ കൈമാറുമെന്നും ശബരിമലയിലും പരിസര പ്രദേശങ്ങളിലും പുണ്യാഹം തളിക്കണമെന്നും തന്ത്രിയും അറിയിച്ചു. എന്നാൽ ചർച്ച അവസാനിച്ചിട്ടില്ലാത്തതിനാൽ പ്രതിഷേധം കനത്തു. എതിർപ്പ് കടുത്തതോടെ മാധ്യമപ്രവർത്തക അടക്കമുള്ളവർ ദർശനം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

ഇതിനിടെ കഴക്കൂട്ടം സ്വദേശിനി സ്വീറ്റി മേരിയും ദർശനത്തിനായി എത്തിയെങ്കിലും പമ്പയിൽ നിന്നും അവരെ പൊലീസ് മടക്കിയയച്ചു. ഇവരുടെ കഴക്കൂട്ടത്തെ വീടിന് നേരെയും അക്രമം നടന്നിട്ടുണ്ട്.