ജനാധിപത്യം അപകടത്തില്‍; മോദി സർക്കാർ ജനവിധി ദുരുപയോഗം ചെയ്യുന്നു : സോണിയാ ഗാന്ധിയുടെ പ്രസംഗത്തിന്‍റെ പൂർണരൂപം

Jaihind Webdesk
Thursday, September 12, 2019

ബി.ജെ.പിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പ്രതികാര രാഷ്ട്രീയവും സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തിന് ഒരുപോലെ ആപത്താണെന്ന് സോണിയാ ഗാന്ധി പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെയും പി.സി.സി അധ്യക്ഷൻമാരുടെയും യോഗത്തിലായിരുന്നു സോണിയയുടെ പരാമർശം.

രാജ്യത്ത് ജനാധിപത്യം വലിയ അപകടത്തിലാണ്. ജനങ്ങൾ നൽകിയ ഭൂരിപക്ഷം മോദി സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. ഇത് അപകടകരമാണ്. മഹാത്മാഗാന്ധി സർദാർ പട്ടേൽ ബി.അർ അംബേദ്കർ തുടങ്ങിയ ദേശീയ നേതാക്കളടെയും സന്ദേശങ്ങളെ നികൃഷ്ടമായ അജണ്ടയുടെ മറവിൽ ബി.ജെ.പി ദുർവ്യാഖാനം ചെയുകയാണ്. ബി.ജെ.പി സർക്കാരിന്‍റെ സാമ്പത്തിക നയങ്ങളെയും സോണിയ വിമർശിച്ചു. മോദി സർക്കാരിന്‍റെ ഭരണത്തില്‍ തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ രൂക്ഷമായതും സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.

ഒന്നാം യു.പി എ സർക്കാർ സാമ്പത്തിക പ്രതിസന്ധി ശക്തമായ നയങ്ങളിലൂടെ മറികടന്നതും അവർ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയൽ മാത്രം സജീവമായി പ്രവർത്തിച്ചാൽ പോരാ നേതാക്കളും പ്രവർത്തകരും ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലണമെന്നും സോണിയാ ഗാന്ധി പറഞ്ഞു. കോൺഗ്രസ് അധ്യക്ഷസ്ഥാനം വീണ്ടും ഏറ്റെടുത്ത ശേഷം ആദ്യമായാണ് സോണിയാ ഗാന്ധി പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചു ചേർത്തത്.

സോണിയാ ഗാന്ധിയുടെ പ്രസംഗത്തിന്‍റെ പൂർണരൂപം:

ഡോ. മൻ‌മോഹൻ സിംഗ് ജി, മുതിർന്ന സഹപ്രവർത്തകർ, സുഹൃത്തുക്കൾ എല്ലാവരെയും ഞാന്‍ ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

ഇന്നത്തെ യോഗത്തിന്‍റെ അജണ്ട എന്താണെന്ന് നിങ്ങൾക്കെല്ലാവർക്കും നന്നായി അറിയാമെന്ന് ഞാൻ കരുതുന്നു. വിഷയത്തിലേക്ക് കടക്കുംമുമ്പ്  ചില കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു.

രാജ്യത്ത് സാമ്പത്തിക മാന്ദ്യം ദീർഘനാളായി നിലനില്‍ക്കുന്ന ഈ സമയത്ത്, തൊഴിൽ നഷ്ടമാകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന, നിക്ഷേപകരുടെ ആത്മവിശ്വാസം ദിവസം തോറും നഷ്ടമാകുന്ന ഒരു കാലയളവില്‍, എന്ത് ചെയ്യണമെന്ന് യാതൊരു ധാരണയുമില്ലാതെ വിവേകശൂന്യമായ നിലപാടുകളുമായി മോദി സർക്കാർ പകച്ചുനില്‍ക്കുന്ന ഒരു കാലയളവിലാണ് ഈ യോഗം ചേരുന്നത്. രാജ്യത്തിന്‍റെ നിലവിലെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഡോ. മൻ‌മോഹൻ സിംഗ് ജി വളരെ ആധികാരികമായ ഒരു പ്രസ്താവന ഇറക്കിയത്
നിങ്ങൾ എല്ലാവരും വായിച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.

പ്രതികാര രാഷ്ട്രീയം അതിന്‍റെ ഉച്ചസ്ഥായിയിലായിരിക്കുന്ന, ഭരണവർഗത്തിനെതിരെ സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരു കാലയളവിലാണ് ഈ യോഗം. ഭരണഘടനാ സ്ഥാപനങ്ങള്‍ നിരുപാധികം അട്ടിമറിക്കപ്പെടുന്നു. എതിര്‍പ്പിന്‍റെ ശബ്ദങ്ങള്‍ നിശബ്ദമാക്കപ്പെടുന്നു.

ജനാധിപത്യം ഇത്രയും അപകടത്തിലായ ഒരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഞാൻ പറഞ്ഞതുപോലെ, 2019 ലെ ജനവിധി ഇപ്പോള്‍ വളരെ അപകടകരമായ രീതിയിൽ മോദി സർക്കാര്‍ ദുരുപയോഗം ചെയ്യുന്നതാണ് കാണാനാകുന്നത്.

ഗാന്ധിജി, സർദാർ പട്ടേൽ, ഡോ. ബി.ആര്‍ അംബേദ്കർ എന്നിവരുടെ യഥാർത്ഥ സന്ദേശത്തെ തെറ്റായി ചിത്രീകരിക്കുകയാണ് ചില ശക്തികള്‍ ചെയ്യുന്നത്.  ഈ ശക്തികളെ നേരിടാനും അടിച്ചമർത്താനും രാജ്യം കോണ്‍ഗ്രസ് പാർട്ടിയെ ഉറ്റുനോക്കുന്ന ഒരു അവസരമാണിത്.  ഇവര്‍ക്കെതിരെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും തെരുവുകളിലും നഗരങ്ങളിലും നിർഭയമായി പോരാടാന്‍ നാം ഒന്നിച്ച് നിൽക്കണം. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങളിൽ, അത് സാമ്പത്തികമോ സാമൂഹികമോ ആകട്ടെ,  നമുക്ക് ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്താന്‍ കഴിയണം. സജീവപ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല ഉണ്ടാകേണ്ടത്, ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുക എന്നതാണ് പരമപ്രധാനം.

നമ്മുടെ ദൃഢനിശ്ചയവും ഊർജസ്വലതയും കടുത്ത പരീക്ഷണത്തിലാണ്. നമ്മുടെ ആത്മവിശ്വാസവും മനോവീര്യവും കുറയാന്‍ അനുവദിക്കരുത്. രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനായി കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രങ്ങളിലൂന്നി അർപ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നവർ ആരാണ്, സ്വയം മുന്നേറ്റത്തിനുള്ള അവസരമായി കോൺഗ്രസിനെ നോക്കുന്നവർ ആരാണ് എന്ന് വ്യക്തമാകുന്ന ഒരു സമയം കൂടിയാണിത്. സമീപകാലത്ത് നമ്മുടെ ചില സഹപ്രവർത്തകർ പാർട്ടിവിട്ടുപോയി. അവർ അവരുടെ അവസരവാദ സ്വഭാവം വെളിപ്പെടുത്തിയെന്നതാണ് വാസ്തവം.

മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് നമുക്ക് മുന്നിലുള്ളത്. പാര്‍ട്ടി താല്‍പര്യങ്ങള്‍ മാത്രം മുന്‍നിർത്തി നമ്മള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നഷ്ടപ്പെട്ട സ്ഥാനം നമുക്ക് തിരികെ നേടാനാകും.

പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, പുതുച്ചേരി തുടങ്ങി നമ്മൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും ഞാൻ നിങ്ങളെ ഓർമിപ്പിക്കുന്നു. സുതാര്യതയും ഉത്തരവാദിത്വവും നിറഞ്ഞ ഭരണത്തിന്‍റെ ഉദാഹരണമായി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിലനില്‍ക്കണം.  വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് നമ്മള്‍ പ്രതിബദ്ധതയുള്ളവരായിരിക്കണം. എങ്കില്‍ മാത്രമേ ജനങ്ങളുടെ പിന്തുണ ലഭിക്കുകയുള്ളൂ.