ഡി.കെ ശിവകുമാറിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഒക്ടോബർ 15 വരെ നീട്ടി

Jaihind Webdesk
Tuesday, October 1, 2019

ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിന് ഇരയായ കോണ്‍ഗ്രസ് നേതാവും മുൻ കർണാടക മന്ത്രിയുമായ ഡി.കെ ശിവകുമാറിന്‍റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബർ 15 വരെയാണ് സി.ബി.ഐ പ്രത്യേക കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. നേരത്തെ പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 26 ന് ഡി.കെ ശിവകുമാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയ കോടതി ഒക്ടോബര്‍ ഒന്ന് വരെ ശിവകുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനാരിക്കെയാണ് കോടതി ഒക്ടോബർ 15 വരെ കസ്റ്റഡി കാലാവധി നീട്ടിയത്. ഹിയറിംഗിനിടെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ച് ശിവകുമാറിനെ ചോദ്യം ചെയ്യാൻ അനുമതി തേടി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അഭിഭാഷകൻ അപേക്ഷ നൽകി. തുടര്‍ന്ന് ഒക്ടോബർ 3, 4 തീയതികളിൽ തിഹാർ ജയിലിൽ ഡി.കെ ശിവകുമാറിനെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകി. അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് സെപ്റ്റംബര്‍ മൂന്നിനാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശിവകുമാറിനെ സെപ്റ്റംബര്‍ 19 നാണ് ജയിലിലേക്ക് മാറ്റിയത്.

അതേസമയം ഡി.കെയ്ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന ഗുരുതരമായ ആരോപണമാണ് നിലനില്‍ക്കുന്നത്. ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് മൂന്നാം മുറ പ്രയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എം‌.എൽ‌.സി, സി.എം ലിംഗപ്പ കർണാടക മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. എന്‍ഫോഴ്സ്മെന്‍റ് അധികൃതർക്കെതിരെ നടപടി വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ തീവ്രവാദിയെപ്പോലെയാണ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ പരിഗണിക്കുന്നതെന്ന് സി.എം ലിംഗപ്പ ആരോപിച്ചു. ശത്രുക്കളെ ഒതുക്കാനുള്ള ആയുധമായാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനെ ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.