ഡി.കെ ശിവകുമാറിനെതിരെ മൂന്നാം മുറ പ്രയോഗിച്ചു, മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു : മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

Jaihind Webdesk
Monday, September 30, 2019

കർണാടക മുന്‍ മന്ത്രി ഡി.കെ ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് മൂന്നാം മുറ പ്രയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എം‌.എൽ‌.സി സി.എം ലിംഗപ്പ കർണാടക മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. എന്‍ഫോഴ്സ്മെന്‍റ് അധികൃതർക്കെതിരെ നടപടി വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ തീവ്രവാദിയെപ്പോലെയാണ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ പരിഗണിക്കുന്നതെന്ന് സി.എം ലിംഗപ്പ ആരോപിച്ചു.

‘പാകിസ്ഥാനില്‍ നിന്നെത്തിയ തീവ്രവാദിയെപ്പോലെയാണ് ഡി.കെയോട് അവർ പെരുമാറുന്നത്. അദ്ദേഹത്തിനെതിരെ അവര്‍ മൂന്നാം മുറ പ്രയോഗിക്കുന്നു. ഉറങ്ങാന്‍ പോലും അനുവദിക്കാതെ രാത്രി വളരെ വൈകിയുള്ള ചോദ്യം ചെയ്യല്‍, അടിസ്ഥാന സൌകര്യങ്ങള്‍ പോലും നിഷേധിക്കുക, വൈദ്യസഹായം നിഷേധിക്കുക, ബന്ധുക്കളെ പോലും കാണാന്‍ അനുവദിക്കാതെ ഇരുട്ട് മുറിയില്‍ അടയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി ചെയ്യുന്നത്. കുറ്റാരോപിതനായല്ല, മറിച്ച് കുറ്റവാളിയായാണ് അദ്ദേഹത്തെ അവർ കണക്കാക്കുന്നത്. ഇതെല്ലാം മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്’ – ലിംഗപ്പ പറഞ്ഞു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കർണാടക മനുഷ്യാവകാശ കമ്മീഷനില്‍ ലിംഗപ്പ പരാതി നല്‍കി. ഇ.ഡി അന്വേഷണ ഉദ്യോഗസ്ഥ മോണിക്ക ശർമ്മയ്ക്കും മറ്റ് ഉദ്യോഗസ്ഥർക്കും എതിരെ മനുഷ്യാവകാശ ലംഘനത്തിന് നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ശത്രുക്കളെ ഒതുക്കാനുള്ള ആയുധമായാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനെ ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്നും ലിംഗപ്പ പറഞ്ഞു.

സാമ്പത്തിക ഇടപാട് ആരോപിച്ച് സെപ്റ്റംബര്‍ 3 നാണ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശിവകുമാറിനെ സെപ്റ്റംബര്‍ 19 നാണ് ജയിലിലേക്ക് മാറ്റിയത്. ഒക്ടോബര്‍ 1 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി. ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യയേയും എന്‍ഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്തിരുന്നു.