യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ് : മുഖ്യപ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Jaihind News Bureau
Wednesday, July 24, 2019

SFI University College

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യപ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്നു വിധി പറയും. ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെയും രണ്ടാം പ്രതി നസീമിന്റെയും ജാമ്യാപേക്ഷയിലാണ് വിധി പറയുക. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പ്രതികളുടെ പേരിൽ നിരവധി ക്രിമിനൽ കുറ്റമുണ്ടെന്നും, അതിനാൽ ജാമ്യം കൊടുക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. മാധ്യമങ്ങൾ പെരുപ്പിച്ച് കാണിച്ചതാണെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.

ഇതിനിടെ, കേസിലെ ഒന്നാം പ്രതി ശിവരഞ്ജിതിന്‍റെ വീട്ടിൽ നിന്നും സർവകലാശാല ഉത്തരക്കടലാസുകൾ പിടിച്ചെടുത്ത കേസിൽ ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിച്ചേക്കും. ക്രൈം ബ്രാഞ്ച് അന്വേഷണം വൈകുന്നതിൽ ആക്ഷേപം ഉയർന്നിരുന്നു. പിടിച്ചെടുത്ത ബുക് ലെറ്റുകളിൽ ഒന്ന് കോളേജിലെ പ്രണവ് എന്ന വിദ്യാർത്ഥിക്ക് പരീക്ഷാ സമയത്ത് നൽകിയിരുന്നതാണെന്ന് കോളേജ് അധികൃതർ ഇന്നലെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയ ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടറുടെ പേരിലുള്ള വ്യാജ സീൽ പ്രതികൾ ഹാജർ നേടാൻ ഉപയോഗിച്ചിരുന്നതാണെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. ഒളിവിലുള്ള പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.