ശശികലയെ മഹത്വവത്ക്കരിക്കാന്‍ സി.പി.എം ശ്രമിക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

webdesk
Saturday, November 17, 2018

Mullappally-Ramachandran-PC

വിദ്വേഷ പ്രസംഗം നടത്തിയതിന്‍റെ പേരില്‍ സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളില്‍ 153 A പ്രകാരം നിരവധി കേസുകളുള്ള ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ ഇതുവരെ അറസ്റ്റ് ചെയ്യാതെ ശബരിമലയില്‍ ഇരുമുടികെട്ടുമായി എത്തിയപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തത് സി.പി.എമ്മും സംഘപരിവാര്‍ ശക്തികളും തമ്മിലുള്ള രഹസ്യധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അറസ്റ്റിലൂടെ ശശികലയെ മഹത്വവത്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്തിനാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിജയദശമിക്കും മണ്ഡലകാല ആരംഭമായ വൃശ്ചിക ഒന്നിനും ഹര്‍ത്താല്‍ നടത്തിയ ഹിന്ദുത്വശക്തികള്‍ക്ക് കപടഭക്തിയാണുള്ളത്. ഈ രണ്ടു ദിനങ്ങളും ഹിന്ദു വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. ഹര്‍ത്താലിനാല്‍ ദുരിതം അനുഭവിക്കുന്നത് അയ്യപ്പഭക്തരാണ്.

സംഘപരിവാര്‍ശക്തികള്‍ അയോദ്ധ്യ പ്രശ്നവുമായി ബന്ധപ്പെട്ട് ഉത്തേരേന്ത്യയില്‍ ഹിന്ദുഏകീകരണം ഉണ്ടാക്കുന്നതില്‍ വിജയിച്ചിരുന്നു. കേരളത്തില്‍ നിന്നും ശബരിമല വിഷയത്തെ ഹൈന്ദവ ശക്തികളുടെ ഏകീകരണ ത്തിനുള്ള ദേശീയ അജണ്ടയാക്കി വളര്‍ത്തി കൊണ്ടുവരാനാണ് സംഘപരിവാര്‍ ശക്തികളുടെ നീക്കം. ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷായുടെ കേരള സന്ദര്‍ശന വേളയില്‍ ഇതുമായി ബന്ധപ്പെട്ട സമഗ്ര ചര്‍ച്ചകള്‍ ഹിന്ദുത്വശക്തികള്‍ നടത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.