‘സി.പി.എം രക്തസാക്ഷികളെ തിരക്കി നടക്കുന്നു ; ആയുധം താഴെ വെക്കാന്‍ തയാറാകണം ; കോണ്‍ഗ്രസ് അക്രമങ്ങളെ അനുകൂലിക്കില്ല’ : രമേശ് ചെന്നിത്തല | Video

Jaihind News Bureau
Thursday, September 3, 2020

 

തിരുവനന്തപുരം : വെഞ്ഞാറമൂട് കൊലപാതകത്തിന് രാഷ്ട്രീയ നിറം നല്‍കി അക്രമം അഴിച്ചുവിടുന്ന സി.പി.എം, സര്‍ക്കാരും പാർട്ടിയും അകപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അക്രമങ്ങളെയും കൊലപാതക രാഷ്ട്രീയത്തെയും എതിർക്കുന്ന പാർട്ടിയാണ്. സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരെ സി.പി.എം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ഡി.സി.സികളുടെ നേതൃത്വത്തില്‍ നടത്തുന്ന സത്യഗ്രഹത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്തെ സമരവേദിയില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

കോൺഗ്രസ് അക്രമത്തെ അനുകൂലിക്കുന്ന പാർട്ടിയല്ല. കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപകമായ ആക്രമണമാണ് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും നടത്തുന്നത്. 144 ഓഫീസുകളാണ് ഇതിനോടകം  അക്രമിക്കപ്പെട്ടത്. സ്വർണ്ണക്കള്ളക്കടത്തിൽ മുഖം നഷ്ടമായ സി.പി.എം രക്തസാക്ഷിയെ തിരക്കി നടക്കുകയായിരുന്നു. കായംകുളത്തെ സംഭവത്തിൽ കോടിയേരിയുടെ വാദത്തെ തള്ളി മന്ത്രി ജി സുധാകരൻ തന്നെ രംഗത്ത് വന്നത് എല്ലാവരും കണ്ടതാണ്. വെഞ്ഞാറമൂട് കൊലപാതകം രാഷ്ട്രീയപ്രേരിതമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ വ്യക്തമാക്കിയാണ്. വെഞ്ഞാറമൂട്ടിലും രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടന്നത്.  ഇവിടെയും രക്തസാക്ഷിയെ കണ്ടെത്താനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നു എന്നതിന്‍റെ ഉദാഹരണം കൂടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൊലപാതകങ്ങളെയും അക്രമങ്ങളെയും കോൺഗ്രസ് അംഗീകരിക്കില്ല. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കോൺഗ്രസ് പാർട്ടി ഇതിന് മുന്നിൽ തന്നെയുണ്ടാകും. രാത്രി 2.45 ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി പൊലീസ് സ്റ്റേഷനിലെത്തിയത് എന്തിനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സാക്ഷിയെ വിളിച്ച് സംസാരിക്കുന്നതിന്‍റെ സി.സി ടി.വി ദൃശ്യങ്ങളുണ്ട്. അടൂർ പ്രകാശ് എം.പിയായതിൽ അസ്വസ്ഥതയുള്ളവരുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. അടൂർ പ്രകാശ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.

പി.കെ ഫിറോസ് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉന്നത നേതൃത്വങ്ങളുടെ അനുമതിയോടെ കേരളം മയക്കുമരുന്ന് മാഫിയകളുടെ താവളമായി മാറി. ഉന്നതരാഷ്ട്രീയ നേതാക്കളുടെ മക്കൾ ഇതിന് നേതൃത്വം നൽകുന്നു. സർക്കാരിന്‍റെ ഒത്താശയോടെയാണിത്. കേരള നർക്കോട്ടിക് സെല്ലിനെക്കൊണ്ട് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാനമൊട്ടാകെ ആസൂത്രിതമായി കോൺഗ്രസ് ഓഫീസുകളും കൊടിമരങ്ങളും സ്തൂപങ്ങളും സി.പി.എമ്മിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തില്‍ തകർക്കുകയാണ്. അണികൾക്ക് എന്തിനാണ് ഇത്തരത്തിൽ നിർദേശം നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സർക്കാർ അക്രമങ്ങൾക്ക് നേതൃത്വം നൽകുകയാണ്. ഇത്തരത്തിലുളള അക്രമങ്ങളിലൂടെ കോൺഗ്രസിനെ നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് അക്രമത്തിൽ വിശ്വസിക്കുന്ന പാർട്ടിയല്ല. ഗുണ്ടാസംഘർഷത്തിന്‍റെയും വ്യക്തിവൈരാഗ്യങ്ങളുടെയും കാരണമായി സംഭവിക്കുന്ന കൊലപാതകങ്ങൾക്ക് രാഷ്ട്രീയ നിറം നൽകി അക്രമം അഴിച്ചുവിട്ട് മുഖം രക്ഷിക്കാനുള്ള നീക്കം സി.പി.എം അവസാനിപ്പിക്കണമെന്നും ആയുധം താഴെവെക്കാന്‍ സി.പി.എം തയാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.