നാടോടി ബാലികയ്ക്ക് ക്രൂരമർദ്ദനം ; സി.പി.എം ഏരിയാ കമ്മിറ്റിയംഗം അറസ്റ്റില്‍

Jaihind Webdesk
Sunday, April 7, 2019

എടപ്പാളിൽ നാടോടി ബാലികയെ ക്രൂരമായി മർദിച്ചത് സി.പി.എം നേതാവ്. സി.പി.എം ഏരിയാ കമ്മിറ്റി അംഗവും വട്ടക്കുളം മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ സി രാഘവനാണ് ബാലികയെ ക്രൂരമായി മർദിച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ തമിഴ്‌നാട് സ്വദേശിയായ 10 വയസുകാരിയെ പൊന്നാനിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടയിലാണ് ബാലികയെ ക്രൂരമായി മർദിച്ചത്. എടപ്പാൾ പട്ടാമ്പി റോഡിലെ കെട്ടിടത്തിനു സമീപത്തുനിന്നു പഴയ സാധനങ്ങൾ ചാക്കിൽ ശേഖരിക്കുകയായിരുന്നു കുട്ടി. ഇതു കണ്ട് എത്തിയ രാഘവൻ കുട്ടിയെ മർദിക്കുകയും ആക്രി സാധനങ്ങൾ നിറച്ച ചാക്കുവാങ്ങി തലയ്ക്കടിക്കുകയും ചെയ്തുവെന്നാണ് കേസ്.

നാട്ടുകാർ ചേർന്ന് കുട്ടിയെ ആദ്യം എടപ്പാളിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതിനെത്തുടർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലേക്കു കുട്ടിയെ മാറ്റി. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

അതേസമയം വിഷയത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ പ്രതികരിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ചെയർമാന്‍ പി സുരേഷ് പറഞ്ഞു. കുറ്റവാളി എത്ര ഉന്നതനായാലും കൊടിയുടെ നിറം നോക്കാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.