പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം; പോലീസ് ഉദ്യോഗസ്ഥന്‍റെ മകന്‍ അറസ്റ്റില്‍

Jaihind Webdesk
Saturday, September 15, 2018

ന്യൂഡല്‍ഹി: പെൺകുട്ടിയെ ക്രൂരമായി മർദിച്ചതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥന്റെ മകനെതിരെ ഡൽഹി പോലീസ് കേസെടുത്തു. ഡൽഹി നാർക്കോട്ടിക് വിഭാഗം ASI യുടെ മകൻ രോഹിത് തോമറിനെയാണ് പ്രതിഷേധങ്ങൾക്കൊടുവിൽ പോലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ രണ്ടിന് നടന്ന സംഭവം രോഹിതിന്റെ സുഹൃത്ത് തന്നെയാണ് മൊബൈലിൽ ചിത്രീകരിച്ചത്. ഡൽഹിയിലെ ഒരു BPO സെന്‍ററിന് അകത്തുവെച്ചാണ് രോഹിത് പെൺകുട്ടിയെ മർദിച്ചത്. പെൺകുട്ടിയുടെ മുടിയിൽപിടിച്ച് വലിച്ചിഴച്ച ശേഷം തറയിൽ തള്ളിയിട്ടു രോഹിത് മർദിക്കുകയായിരുന്നു. താഴെ വീണ പെൺകുട്ടിയെ ഇയാൾ തൊഴിക്കുകയും ചവുട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 21കാരനായ രോഹിത് അടുത്തിടെയാണ് ഡൽഹിയിലെ BPO സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. ഇയാളുടെ സുഹൃത്തായ അലി ഹസന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ദൃശ്യം ചിത്രീകരിച്ചയാൾ മർദനം നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇയാൾ മർദനം തുടരുകയായിരുന്നു.

https://www.youtube.com/watch?v=sSttmheRhfA

പെൺകുട്ടിയെ മർദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ അക്രമിയുടെ പ്രതിശ്രുത വധുവാണെന്ന് അവകാശപ്പെട്ട പെൺകുട്ടി പോലീസിൽ പരാതി നൽകിതോടെയാണ് ഡൽഹി പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. രോഹിതുമായുള്ള വിവാഹം ഉപേക്ഷിച്ചെന്ന് വ്യക്തമാക്കിയ പെൺകുട്ടി രോഹിത് തന്നെ പീഡനത്തിനിരയാക്കിയെന്നും പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞതിനെത്തുടർന്ന് ഉപദ്രവിക്കുകയായിരുന്നെന്നും ആരോപിക്കുന്നു.

രോഹിതിന്റെ പിതാവ് അശോക് സിംഗിനെ ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡൽഹി പോലീസ് അറിയിച്ചു.