ജെഎന്‍യു ആക്രമണം : മൂന്നു പേരെ തിരിച്ചറിഞ്ഞെന്ന് ഡൽഹി പോലീസ്; അന്വേഷണക്കമ്മിറ്റി റിപ്പോർട്ടില്‍ വൈസ് ചാൻസിലർക്കെതിരെ വിമർശനം

Jaihind News Bureau
Thursday, January 9, 2020

ജവർഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്നു പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ്. അക്രമികൾക്ക് കാമ്പസിനകത്തുനിന്ന് സഹായം ലഭിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം,  അക്രമ സംഭവങ്ങളുണ്ടായിട്ടും വൈസ് ചാൻസിലർ ജഗദേഷ് കുമാർ പൊലീസിൽ വിവരം അറിയിച്ചില്ലെന്ന് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിൽ വിമർശനമുള്ളതായാണ് വിവരം.

ഞായറാഴ്ച ജെ എൻ യു വിൽ ഉണ്ടായ അക്രമങ്ങളിൽ ആരേയും ഇതു വരെ പോലീസ് ചെയ്തില്ല.  പക്ഷെ കാമ്പസിനുള്ളിൽ അതിക്രമം നടത്തിയവരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കുന്നു. എന്നാൽ ഇവർ ആരൊക്കെ, ഏതു സംഘടനയിൽപ്പെട്ടവർ എന്നതടക്കുള്ള കാര്യങ്ങൾ പോലീസ് പുറത്തുവിട്ടില്ല. അക്രമികൾക്ക് കാമ്പസിനകത്തുനിന്ന് സഹായം ലഭിച്ചെന്നും പോലീസ് കണ്ടെത്തി. അതിനിടെ ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിൽ വൈസ് ചാൻസിലർക്കെതിരെ ഗുരുതര വിമർശനങ്ങളാണുള്ളത്.

ഉച്ചക്ക് രണ്ട് മണിക്ക് അക്രമികൾ ക്യാമ്പസിനകത്ത് പ്രവേശിച്ചിട്ടും പൊലീസിനെ അറിയിക്കാൻ വി സി തയ്യാറായില്ല. മൂന്ന് മണിക്കൂറിന് ശേഷമാണ് ഡി.സി.പിക്ക് വാട്സാപ്പ് സന്ദേശത്തിലൂടെ വിസി വിവരം കൈമാറുന്നത്. സർവ്വകലാശാലാ ഗേറ്റിന് പുറത്ത് സുരക്ഷയൊരുക്കാനാണ് വി സി ആവശ്യപ്പെട്ടത്.  ജാമിയ, ജെ.എന്‍.യു അക്രമങ്ങൾ ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമ അധ്യക്ഷനായ പാർലമെന്‍റിന്‍റെ ആഭ്യന്തര സ്റ്റാന്‍റിങ്ങ് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേരും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡൽഹി പോലീസ് കമ്മീഷണർ എന്നിവർ പാർലമെന്‍റ് സ്റ്റാൻഡിംഗ് കമ്മിറ്റി മുമ്പാകെ ഹാജരാകും.