സിപിഎം നേതാവിന്‍റെ ടിപ്പറിൽ വ്യാജ നമ്പർ പ്ലേറ്റുമായി മണ്ണു കടത്തൽ; കോലത്തുകര ബ്രാഞ്ച് സെക്രട്ടറിയുടെ ടിപ്പറിന് പ്രശാന്ത് നഗർ സ്വദേശിയുടെ ബൈക്കിന്‍റെ നമ്പർ പ്ലേറ്റ്

Jaihind News Bureau
Tuesday, January 28, 2020

വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് മണ്ണ് കടത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ടിപ്പർ കസ്റ്റഡിയില്‍. കുളത്തൂർ സ്വദേശിയും സിപിഎം കോലത്തുകര ബ്രാഞ്ച് സെക്രട്ടറിയുമായ അനില‍കുമാറിന്‍റെ ഉടമസ്ഥതയിലുള്ള ടിപ്പറാണ് തുമ്പ പൊലീസ് പിടികൂടിയത്.

പാസില്ലാതെ മണ്ണ് കൊണ്ടുപോയ ലോറി തുമ്പ സ്റ്റേഷനു മുന്നിൽ വച്ച് പിടികൂടിയിരുന്നു. വാഹനത്തിന്‍റെ രേഖകൾ ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയില്ല. തുടർന്ന് മോട്ടർ വാഹന വകുപ്പിന്‍റെ സൈറ്റിൽ തിരഞ്ഞപ്പോഴാണ് ലോറിയിൽ വച്ചിരുന്ന നമ്പരായ കെഎൽ 22 എൻ 5791 പ്രശാന്ത് നഗർ സ്വദേശി ഹരിശങ്കറിന്‍റെ ബൈക്കിന്‍റെ നമ്പറാണെന്ന് കണ്ടെത്തിയത്. ഇതോടെ പൊലീസ് കഴക്കൂട്ടം സബ് റീജിയണൽ ആർടിഒയ്ക്ക് റിപ്പോർട്ട് നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ലോറിയുടെ യഥാർഥ നമ്പർ കെഎൽ 22 എൻ 5602 ആണെന്നും ലോറി ഉടമ കുളത്തൂർ സ്വദേശിയും സിപിഎം കോലത്തുകര ബ്രാഞ്ച് സെക്രട്ടറിയുമായ അനില‍കുമാറാണെന്നും വ്യക്തമായത്.

സംഭവം വിവാദമായതോടെ കേസ് ഒതുക്കിത്തീർക്കാനും സ്റ്റേഷനിൽ നിന്ന് ടിപ്പർ കടത്താനും ശ്രമം നടന്നതായും റിപ്പോർട്ടുകളുണ്ട്.