സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Jaihind News Bureau
Tuesday, April 21, 2020

സംസ്ഥാനത്ത് 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 10 പേരും കണ്ണൂരിലാണ്. പാലക്കാട് നാല് പേർക്കും കാസർകോട് മുന്ന് പേർക്കും മലപ്പുറത്തും കൊല്ലത്തും ഒരോ ആൾക്കാർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് നെഗറ്റീവ് കേസുകളെക്കാൾ കൂടുതൽ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് 16 പേർക്ക് രോഗം ഭേദമായി. കണ്ണൂർ 7ഉം, കാസർകോടും കോഴിക്കോടും നാല് പേർക്കും, തിരുവനന്തപുരം 3 പേർക്കുമാണ് ഇന്ന് രോഗം ഭേദമായത്.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 426 ആയി. 117 പേര്‍ ചികിൽസയിലുണ്ട്. 36,667 പേർ നിരീക്ഷണത്തിലാണ്. 36,335 പേർ വീടുകളിലും 332 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 102 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 20,252 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 19,442 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. രോഗ വ്യാപനം പ്രവ‍ചനങ്ങൾക്ക് അതീതമാണ്. പത്തനംതിട്ടയിലെ ആദ്യ കൊവിഡ് 19 കേസില്‍ പെട്ട 62 കാരി ഇപ്പോഴും പോസിറ്റീവായി തുടരുകയാണ്. മാർച്ച് എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവർ 31 ദിവസമായി പോസിറ്റീവായി തന്നെ തുടരുകയാണ്. ഇവരുടെ 21 സാംപിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്.

രോഗലക്ഷണമില്ലെങ്കിലും മാർച്ച് 12നും ഏപ്രിൽ 22നും ഇടയിൽ നാട്ടിലെത്തിയ പ്രവാസികളെയും അവരുടെ ഹൈറിസ്ക് കോൺടാക്ടുകളിലുള്ള മുഴുവൻ പേരുടെയും സാംപിൾ പരിശോധിക്കും

കണ്ണൂരിലെ രോഗികളിൽ 9 പേർ വിദേശത്തുനിന്ന് വന്നതാണ്. ഒരാൾക്കു സമ്പർക്കം വഴിയും രോഗം ബാധിച്ചു. നിലവിൽ എറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിലാണ്. ഇവിടെ ഇതുവരെ 104 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു വീട്ടിൽ മാത്രം 10 പേർക്ക് രോഗം സ്ഥിരീകരിച്ചു.

പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗബാധയുണ്ടായ ഓരോരുത്തർ തമിഴ്നാട്ടിൽനിന്നും എത്തിയവരാണ്.

teevandi enkile ennodu para