അഴിമതിക്കഥകള്‍ തുറന്നു കാട്ടാന്‍ ഒരു വെബ്സൈറ്റ് “www.corruptmodi.com”

Jaihind Webdesk
Monday, October 15, 2018

ലോകമാധ്യമ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു ഭരണാധികാരിയുടെ അഴിമതിക്കഥകള്‍ തുറന്നു കാണിക്കാന്‍ ഒരു വെബ്സൈറ്റ് പ്രവര്‍ത്തുന്നത്.  എ മുതല്‍ ഇസഡ് വരെയുള്ള  അക്ഷരങ്ങളില്‍ ഏത് തൊട്ടാലും മോഡിയുമായും ബിജെപിയുമായും ബന്ധപ്പെട്ട അഴിമതിക്കഥകളുടെ വിശദാംശങ്ങളിലേയ്ക്കും ബിജെപിയ്ക്കുള്ള പങ്കും വ്യക്തമാക്കുന്നതാണ് വെബ്സൈറ്റ് http://www.corruptmodi.com/. പ്രഫഷണല്‍ കോണ്‍ഗ്രസ് ആണ് ഈ വെബ്സൈറ്റിന് രൂപകല്‍പന ചെയ്തിരിക്കുന്നത്.

‘മോടിയില്ലാതെ മോദി’: കാവൽക്കാരൻ കള്ളനായപ്പോൾ അഴിമതികൾ എ ടു ഇസഡ്

കേന്ദ്രത്തിലെ മോദി സർക്കാരിന്‍റെ അഴിമതികളുടെ ചരിത്രം പറയുന്ന ഒരു വെബ്‌സെറ്റാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാവുന്നത്. അധികാരത്തിലേറി അഞ്ച് വർഷം തികയും മുമ്പ് ഏറ്റവും അവസാനം പറത്തു വന്ന റഫേൽ ഇടപാടുൾപ്പെടെ നിരവധി അഴിമതി ആരോപണങ്ങളാണ് നരേന്ദ്രമോദി സർക്കാരിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കുന്നത്. ഇതേപ്പറ്റി സമഗ്രമായി വിവരിക്കുന്ന വെബ്‌സെറ്റാണ് ‘കറപ്റ്റ് മോദി. കോം’ (www.corruptmodi.com).

രാജ്യത്തിന്‍റെ കാവൽക്കാരനാണെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ നരേന്ദ്രമോദി കള്ളനായി മാറിയെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമർശം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ ചർച്ച പെട്ടിരുന്നു. റഫേൽ ഇടപാടിലെ കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്നതിനു പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതിനു പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുമായും പല സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ബി.ജെ.പി സർക്കാരുകളുമായും ബന്ധപ്പെട്ടുള്ള അഴിമതികൾ വിശദമായി പ്രതിപാദിച്ചിരിക്കുന്ന വെബ്‌സൈറ്റ് നിലവിൽ വന്നത്. പ്രൊഫഷണൽ കോൺഗ്രസാണ് ഇത്തരത്തിലൊരു വെബ്‌സെറ്റിന് രൂപം നൽകിയിട്ടുള്ളത്.

അടിമുടി അഴിമതി: മറയാക്കുന്നത് ദേശീയത

അടിമുടി അഴിമതിയിൽ മുങ്ങി നിൽക്കുന്ന ബി.ജെ.പി സർക്കാരുകളുടെ യഥാർത്ഥചിത്രമാണ് വെബ്‌സെറ്റിലുള്ളത്. ഓരോ അഴിമതിയും സംബന്ധിച്ച് വിശദമായ കുറിപ്പിനൊപ്പം ദേശീയ ദിനപത്രങ്ങളുടെ വസ്തുതാപരമായ കുറിപ്പുകളും ചേർത്തിരിക്കുന്നു. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ മെഡിക്കൽ കോളേജ് കോഴയിടപാടിനെ പറ്റിയുള്ള വിശദമായ കുറിപ്പും അഴിമതിക്കഥകൾക്കൊപ്പം ചേർത്തിട്ടുണ്ട്. ഓരോ അഴിമതി ആരോപണം പ്രതിപക്ഷം ഉന്നയിക്കുമ്പോഴും വ്യക്തമായ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറുന്ന പ്രധാനമന്ത്രി മോദിയും സർക്കാരും ആരോപണങ്ങളെ മറയ്ക്കുന്നത് ദേശീയവാദമുയർത്തിയാണ്. എന്നാൽ റഫേൽ ഇടപാടിലെ വമ്പൻ അഴിമതിയാരോപണം പുറത്തുവന്നപ്പോൾ ബി.ജെ.പിക്ക് പ്രതിരോധിക്കാൻ ആയുധമില്ലാതായി.

രാജ്യത്തിന്‍റെ സേനാ വിഭാഗങ്ങളുടെ മിന്നലാക്രമണത്തെ പോലും രാഷ്ട്രീയമായി ഉപയോഗിച്ച ബി.ജെ.പി, യുദ്ധവിമാനക്കരാറിന്റെ മറവിൽ കോടികൾ തട്ടിച്ചുവെന്ന ആരോപണം പുറത്തുവന്നതോടെ മൗനത്തിലാണ്. പാർലമെന്‍റിൽ പോലും ഈ ആരോപണത്തിന് മറുപടി പറയാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല. യു.പി.എ കാലത്തെ കരാർ റദ്ദാക്കിയ മോദി സർക്കാർ, കരാർ അനിൽ അംബാനിക്ക് തീറെഴുതുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കലിനെ(എച്ച്. എ.എൽ) ഒഴിവാക്കിയതിലും ദുരൂഹത നിലനിൽക്കുന്നു. ഗുരുതരമായ ആരോപണങ്ങൾ പുറത്തുവന്നിട്ടും കരാർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ കേന്ദ്രം തയ്യാറായിട്ടില്ല.

പാളിയ കള്ളപ്പണ നിർമ്മാർജ്ജനം

ബി.ജെ.പി അധികാരത്തിലെത്തിയാൽ രാജ്യത്തിനു പുറത്തുള്ള കള്ളപ്പണം തിരിച്ചെത്തിച്ച് ഓരോ പൗരന്‍റെയും ബാങ്ക് അക്കൗണ്ടിൽ 15ലക്ഷം നിക്ഷേപിക്കുമെന്നായിരുന്നു കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പിന് മുമ്പുള്ള പ്രഖ്യാപനം. എന്നാൽ ഇതൊന്നും നടപ്പിൽ വരുത്താൻ കഴിഞ്ഞില്ലെന്നു മാത്രമല്ല കള്ളപ്പണ നിർമാർജ്ജനത്തിനെന്ന് പറഞ്ഞ് നടപ്പാക്കിയ നോട്ട് നിരോധനവും പാടെ പാളി.

ഇതിനിടെ കോടികളുടെ ബാങ്ക് വായ്പയെടുത്ത വൻവ്യവസായികൾ തുക തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നതും പതിവ് കാഴ്ച്ചയായി. വ്യവസായ ഭീമനായ വിജയ് മല്യ, നീരവ് മോദി എന്നിവരടക്കമുള്ളവർ രാജ്യം വിടുന്നതിനു മുമ്പ് ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയെ നേരിൽക്കണ്ടിരുന്നു എന്നുള്ള ആരോപണവും നിലനിൽക്കുകയാണ്. ഇവരെ തിരിച്ചെത്തിച്ച് നിയമനടപടികൾ സ്വീകരിക്കാൻ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല.

വാഗ്ദാനലംഘകരുടെ സംഘമായി മാറിയ ബി.ജെ.പി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാരും നരേന്ദ്രമോദിയും ബി.ജെ.പിയും പരാജയപ്പെട്ടുവെന്നതാണ് നാലരവർഷത്തെ കേന്ദ്രഭരണത്തിന്റെ ആകെ ബാക്കിപത്രം. രാജ്യത്ത് വർഷം പത്ത് കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് പറഞ്ഞ് നടപ്പാക്കിയ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയടക്കം കേന്ദ്രം പ്രഖ്യാപിച്ച ഒട്ടുമിക്ക പദ്ധതികളും നടപ്പായില്ല.

ഇതിനിടെ തെരെഞ്ഞെടുപ്പ് കാലത്ത് നൽകിയത് കപട വാഗ്ദാനങ്ങളാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞതും വലിയ തോതിലുള്ള ചർച്ചകൾക്കാണ് രാജ്യത്ത് വഴിവെച്ചിട്ടുള്ളത്. ഇതിനു മുമ്പു തന്നെ ബി.ജെ.പി കേരള ഘടകത്തിന്‍റെ അധ്യക്ഷനായ പി.എസ് ശ്രീധരൻ പിള്ളയും ഇതേ നിലപാടിലായിരുന്നു. തെരെഞ്ഞെടുപ്പു കാലത്ത് അങ്ങനെ പല വാഗ്ദാനങ്ങളും നൽകുമെന്നും അതൊന്നും അത്ര ഗൗരവമായി എടുക്കേണ്ടതില്ലെന്നുമായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണം.

രാജ്യത്ത് പ്രഖ്യാപിച്ച പല വമ്പൻ പദ്ധതികൾക്ക് പിന്നിലെ അഴിമിത തുറന്നു കാട്ടുന്ന വെബ്‌സൈറ്റായ ‘കറപ്റ്റ് മോദി. കോം’ വരും നാളുകളിൽ ബി.ജെ.പിക്ക് വലിയ തലവേദനയാവും സൃഷ്ടിക്കുക.

https://www.youtube.com/watch?v=mnJZDkAvbrE