മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ ഫണ്ട് വകമാറ്റാന്‍ നീക്കം

Jaihind Webdesk
Tuesday, May 28, 2019

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം വകമാറ്റി ടൗൺഷിപ്പ് ഉൾപ്പെടെയുള്ള വൻകിട നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിക്കാൻ നീക്കമെന്ന് റിപ്പോർട്ട്. ഇതേക്കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. അതേ സമയം ദുരിതാശ്വാസ നിധിയുടെ നിർവഹണ വകുപ്പായ റവന്യൂ അടക്കമുള്ള വകുപ്പ് മന്ത്രിക്ക് യോഗത്തിലേക്ക് ക്ഷണമില്ല.

പ്രളയം തകർത്ത കേരളത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇപ്പോഴും അതിന്‍റെ പരിണിത ഫലങ്ങൾ അനുഭവിക്കുകയാണ്. സഹായങ്ങളൊന്നും തന്നെ ജനങ്ങളിലേക്ക് എത്തിക്കാൻ തയാറാവാത്ത സംസ്ഥാന സർക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടും വകമാറ്റി ചെലവഴിക്കാനുള്ള ശ്രമത്തിലാണ്. ഇന്ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹോളിലാണ് യോഗം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ അവതരണമാണ് യോഗത്തിലെ പ്രധാന അജണ്ട. പ്രളയബാധിത മേഖലകളിൽ ടൗൺഷിപ് സ്ഥാപിക്കാനുള്ള ശ്രമം വൻകിട കോർപറേറ്റുകളെ പരോക്ഷമായി സഹായിക്കാനാണെന്നും ആരോപണമുണ്ട്. പ്രളയത്തിൽ വീടുകൾ തകർന്നവർക്ക് സഹായം നൽകാതെയാണ് ടൗൺഷിപ്പ് എന്ന പ്രഹസനമെന്നതും സർക്കാരിനെതിരെയുള്ള ആരോപണങ്ങൾക്ക് ശക്തി പകരുന്നു.

പ്രകൃതിദുരന്തം, അപകടങ്ങൾ, രോഗങ്ങൾ തുടങ്ങിയവയവമൂലം ദുരിതങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കാനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള പണം വിനിയോഗിക്കുന്നത്. പണം മറ്റാവശ്യങ്ങൾക്ക് ചെലവഴിക്കാറുമില്ല. എന്നാൽ സംസ്ഥാന സർക്കാരിന്‍റെ ഈ പുതിയ നീക്കം ദുരൂഹമാണ്. പ്രളയകാലത്ത് സുമനസുകളിൽ നിന്നു ലഭിച്ച സഹായങ്ങള്‍ ദുരുപയോഗം ചെയ്യുന്നതാണ് സർക്കാരിന്‍റെ ഈ നീക്കം. യോഗത്തിലേക്ക് ദുരിതാശ്വാസ നിധിയുടെ നിർവഹണ വകുപ്പായ റവന്യൂ അടക്കമുള്ള വകുപ്പ് മന്ത്രിമാർക്ക് ക്ഷണമില്ലാത്തതും വലിയ അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.