കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പത്ത് ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും : രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, November 24, 2018

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പത്ത് ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിദിഷയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നര ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളി. എന്നാല്‍ കര്‍ഷകര്‍ക്കുവേണ്ടി യാതൊന്നും ചെയ്തില്ല. സമ്പന്നരെ അളവറ്റ് സഹായിക്കുന്ന സര്‍ക്കാരിന് പാവങ്ങളുടെ കാര്യത്തില്‍ ഒരു ദാക്ഷിണ്യവും ശ്രദ്ധയുമില്ല. പ്രധാനമന്ത്രി എഴുതിത്തള്ളിയ കടങ്ങള്‍ മുഴുവന്‍ അദ്ദേഹത്തിന്‍റെ കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്ക് വേണ്ടിയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. പതിനായിരം കോടിയുമായി വിജയ്മല്യയും കോടികളുടെ തട്ടിപ്പ് നടത്തി മെഹുല്‍ ചോക്‌സിയും നീരവ് മോദിയും വിദേശത്തേയ്ക്ക് കടന്നു.

കടങ്ങള്‍ എഴുതിത്തള്ളുമെന്നും കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് അര്‍ഹമായ വില നല്‍കുമെന്നും നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ല . മാത്രമല്ല ഇതേപ്പറ്റി ചോദിച്ചാല്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.