തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് വോട്ടർ പട്ടിക വിഷയത്തിൽ കോണ്‍ഗ്രസ് സുപ്രീം കോടതിയിൽ

Jaihind News Bureau
Wednesday, February 19, 2020

Supreme-Court

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് വോട്ടർ പട്ടിക വിഷയത്തിൽ കോണ്‍ഗ്രസ് സുപ്രീം കോടതിയിൽ. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ കരട് വോട്ടർ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തണം എന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിക്കാൻ ഇരിക്കെയാണ് കോണ്‍ഗ്രസിന്‍റെ തടസ്സ ഹർജി. വിഷയത്തിൽ തങ്ങളുടെ ഭാഗം കൂടി കേട്ട ശേഷം മാത്രമേ വിധി ഉണ്ടാകാൻ പാടുള്ളൂ എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മുസ്ലീം ലീഗും കഴിഞ്ഞ ദിവസം തടസ്സ ഹർജി നൽകിയിരുന്നു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2019 ലെ കരട് വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നടത്തണം എന്നാണ് ഹൈക്കോടതി വിധി. എന്നാൽ ഇതിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിക്കാൻ ഇരിക്കെയാണ് വിഷയത്തിൽ തടസ്സ ഹർജിയുമായി കോണ്ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. കോണ്‍ഗ്രസിന് വേണ്ടി കെ പി സി സി പഞ്ചായത്ത് രാജ് ചെയർമാൻ എൻ വേണുഗോപാലാണ് ഹർജി നൽകിയിരിക്കുന്നത്.

വിഷയത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കുമ്പോൾ തങ്ങളുടെ വാദം കൂടി കേട്ട ശേഷമേ ഉത്തരവ് ഇറക്കാൻ പാടുള്ളൂ എന്നാണ് ആവശ്യം. വിഷയത്തിൽ മുസ്ലിം ലീഗും സുപ്രീം കോടതിയിൽ തടസ്സ ഹർജി നേരത്തെ നൽകിയിരുന്നു. 2020 ഫെബ്രുവരി 7 വരെയുള്ള പേരുകള്‍കൂടി ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക തയാറാക്കാനും അതനുസരിച്ചു തിരഞ്ഞെടുപ്പു നടത്താനുമാണ് ഹൈകോടതി നിര്‍ദേശം നൽകിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2015ലെ കരട് വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നടത്തണം എന്നാണ് സംസ്ഥാന സർക്കാരിന്‍റെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും നിലപാട്. ഇത് ചോദ്യം ചെയ്ത് കോൺഗ്രസിന് വേണ്ടി എൻ വേണുഗോപാലും മുസ്ലിം ലീഗിന് വേണ്ടി സൂപ്പി നരിക്കാട്ടേരിയും നൽകിയ അപ്പീൽ ഹർജിയിലാണ് നേർത്തെ ഡിവിഷൻ ബെഞ്ച് വിധി ഉണ്ടായത്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഹർജി പരിഗണിക്കുമ്പോൾ ആയിരിക്കും കോണ്ഗ്രസിന്റെയും ലീഗിന്റെയും ഹർജികൾ സുപ്രീം കോടതി പരിഗണിക്കുക.