അധികാരത്തിൽ എത്തിയാൽ കർഷകർക്ക് ന്യായമായ താങ്ങുവില ലഭ്യമാക്കും : രാഹുൽ ഗാന്ധി

Jaihind Webdesk
Monday, December 3, 2018

Rahul-Gandhi-Telangana

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ കുറഞ്ഞ താങ്ങുവില ഏർപ്പെടുത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർഷകർക്ക് അവരുടെ അധ്വാനത്തിന്റെ ഫലം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

വളരെയേറെ പ്രതീക്ഷയോടും ശുഭാപ്തി വിശ്വാസത്തോടും കൂടിയാണ് 5 വർഷം മുമ്പ് തെലങ്കാന സംസ്ഥാനം രൂപീകൃതമായത്. എന്നാൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാനോ ആവരുടെ ആവശ്യങ്ങൾ നിറവേറ്റാനോ അവകാശങ്ങൾ സംരക്ഷിക്കാനോ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനായില്ല. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നൽകാതിരുന്ന അവകാശങ്ങൾ കർഷകർക്ക് ലഭ്യമാക്കുമെന്നും കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ കുറഞ്ഞ താങ്ങുവില ഏർപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഏകദേശം 30ലക്ഷത്തോളം അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരാണ് തെലങ്കാനയിൽ ഉള്ളത് എന്നാൽ അവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി പരാജയപ്പെട്ടു. കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയാൽ തൊഴിലില്ലായ്മ വേതനമായി 3000 രൂപ അനുവദിക്കുമെന്നും വീടില്ലാത്തവർക്ക് ഭവന നിർമ്മാണത്തിനായി 5 ലക്ഷം രൂപ വീതം നൽകുമെന്നും ഓരോ മണ്ഡലത്തിലും 30 ബെഡുകളുള്ള ആശുപത്രികൾ പണിയുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

കഴിഞ്ഞ 5 വർഷം മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹായിക്കുക മാത്രമായിരുന്നു ചെയ്തത് എന്നത് വളരെ ദുഃഖകരമായ കാര്യമാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം പ്രധാനമന്ത്രിയെയും പാർട്ടിയെയും സഹായിച്ചു. നോട്ട് നിരോധനത്തെ എല്ലാവരും വിമർശിച്ചപ്പോഴും സമ്മർദ്ദങ്ങളുടെ ഫലമായി കേന്ദ്ര നടപടിയെ പുകഴ്‌ത്തേണ്ട ഗതികേടിലായിരുന്നു തെലങ്കാന മുഖ്യമന്ത്രി. കെ.ആർ.എസിന് ഗബ്ബർ സിംഗ് ടാക്‌സ് എന്ന് കളിയാക്കപ്പെടുന്ന ജിഎസ്ടിയെ പോലും പുകഴ്‌ത്തേണ്ടി വന്നുവെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ടിആർഎസ് ബിജെപിയുടെ ബിടീം ആണെന്നും കെ. ചന്ദ്രശേഖര റാവു മോദിയുടെ റബർ സ്റ്റാമ്പായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒവൈസിയുടെ പാർട്ടിയാണ് ബിജെപിയുടെ സി ടീം. ബിജെപി-കെസിആർ വിമതരുടെ വോട്ടുകൾ പിളർക്കുന്ന ജോലിയാണ് അവർക്കുള്ളതെന്നും ഇവരുടെയൊന്നും വാഗ്ദാനങ്ങളിൽ തെലുങ്കാനയിലെ ജനങ്ങൾ ഇനിയും വഞ്ചിക്കപ്പെടരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.