ഷഹല ഷെറിന്‍റെ മരണം: വിദ്യാഭ്യാസ വകുപ്പിന് വീഴ്ച സംഭവിച്ചെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

Jaihind News Bureau
Friday, December 13, 2019

വയനാട്ടിലെ സ്‌കൂൾ വിദ്യാർത്ഥിനി ഷഹല ഷെറിന്‍റെ മരണത്തെ തുടർന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ വിദ്യാർത്ഥി സുരക്ഷക്കായി സമർപ്പിച്ച നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പിന് വീഴ്ച സംഭവിച്ചതായി കമ്മീഷന്‍റെ കുറ്റപ്പെടുത്തൽ. സ്‌കൂളിൽ വച്ച് കുട്ടികൾക്ക് അപകടമുണ്ടായാൽ, രക്ഷിതാക്കളെ കാത്തുനിൽക്കാതെ സ്‌കൂൾ അധികൃതർ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകണമെന്നതടക്കമുള്ള കമ്മീഷന്റെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിലാണ് സർക്കാർ അലംഭാവം കാട്ടുന്നത്.

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽനിന്നും വിദ്യാർത്ഥികൾക്ക് പാമ്പ് കടിയേറ്റും, അല്ലാതെയും അപകടം തുടർക്കഥയായ സാഹചര്യത്തിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ സർക്കാരിന്, ഇത്തരം സാഹചര്യങ്ങൾ നേരിടുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയത്. സ്‌കുളിൽ വച്ച് പാമ്പ് കടിയേറ്റ ഷഹല ഷെറിന്‍റെ മരണത്തിന് കാരണം, അടിയന്തിര ചികിത്സ ലഭിക്കാത്തതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. തുടർന്നാണ്, സ്‌കൂളുകളിൽ കുട്ടികൾക്ക് അപകടമുണ്ടായാൽ രക്ഷിതാക്കളെത്തുന്നത് വരെ കാത്ത് നിൽക്കാതെ, സ്‌കൂൾ അധികൃതർ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകണമെന്ന് ബാലാവകാശ കമ്മീഷൻ സർക്കാരിന് നിർദ്ദേശം നൽകിയത്. എന്നാൽ കഴിഞ്ഞ 3 ആഴ്ചക്കിടെ വിവിധയിടങ്ങളിൽ, ഇത്തരം അപകടങ്ങൾ നേരിടുന്നതിൽ സ്‌കൂൾ അധികൃതർക്ക് വീഴ്ച സംഭവിച്ചതായി ബാലാവകാശൻ കണ്ടെത്തി. ചൊവ്വാഴ്ച്ച കോഴിക്കോട് പുതുപ്പാടിയിൽ 4 വയസ്സുകാരനായ എൽകെജി വിദ്യാർത്ഥിക്ക് സഹപാഠിയിൽ നിന്നും കണ്ണിന് പരിക്കുപറ്റിയപ്പോൾ, കുട്ടിക്ക് ചികിത്സ നൽകുന്നതിൽ സ്‌കൂൾ അധികൃതർക്ക് വീഴ്ച സംഭവിച്ചു. ചികിത്സ ലഭിക്കാൻ 3 മണിക്കൂർ വൈകിയത് മൂലം കുട്ടിയുടെ കണ്ണിന്‍റെ കാഴ്ച ശക്തിയെ അത് ബാധിച്ചുവെന്ന് ഡോക്ടർമാർ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് കമ്മീഷൻ ശുപാർശ നടപ്പാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയതായി ബാലവകാശ കമ്മീൻ ചെയർമാൻ പി സുരേഷ് കുറ്റപ്പെടുത്തുന്നത്.

കുട്ടികളുടെ സുരക്ഷക്കായി ബാലാവകാശ കമ്മീഷന്‍റെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ സർക്കാരും, സ്‌കൂൾ അധികൃതരും വീഴ്ച വരുത്തുന്നത് ഗൗരവത്തോടെയാണ് കമ്മീഷൻ വിലയിരുത്തുന്നത്. അതിനിടെ, കഴിഞ്ഞ ദിവസം ബാലാവകാശ കമ്മീഷൻ അധ്യക്ഷന് ചീഫ് സെക്രട്ടറി റാങ്ക് സർക്കാർ നൽകിയതും ശ്രദ്ദേയമാണ്.

https://www.youtube.com/watch?v=tPvSq7QBSDs