ഇവള്‍ നിദ ഫാത്തിമ… ഷഹ്ലയ്ക്കായി ശബ്ദമുയർത്തിയ ഏഴാംക്ലാസുകാരി

Jaihind News Bureau
Saturday, November 23, 2019

നിദ ഫാത്തിമ… സഹപാഠി പാമ്പ് കടിയേറ്റ് മരിച്ചപ്പോള്‍ ഉറച്ച ശബ്ദമായി പ്രതിഷേധത്തിന്‍റെ മുന്‍പന്തിയില്‍ നിന്ന പെണ്‍കുട്ടി. ബത്തേരി സർവജന സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ മിടുക്കി. അഞ്ചാം ക്ലാസുകാരി ഷഹ്ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിക്കാനിടയായ ദാരുണ സംഭവത്തില്‍ അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ പങ്ക്  പുറംലോകമറിഞ്ഞത് നിദ ഫാത്തിമയുടെ വാക്കുകളിലൂടെയാണ്.

ആരെയും ഭയക്കാതെ ചങ്കൂറ്റത്തോടെയാണ് നടന്നതെന്തെന്ന് നിദ മാധ്യമങ്ങൾക്ക് മുന്നിൽ  ഉറച്ചശബ്ദത്തില്‍ വിളിച്ചുപറഞ്ഞത്. മുതിർന്ന കുട്ടികൾ പോലും അധ്യാപകരെ ഭയന്ന് പിൻമാറിയപ്പോഴാണ് ഈ കൊച്ചുമിടുക്കി മാധ്യമങ്ങൾക്ക് മുന്നിലെത്തി നടന്നത് വിളിച്ചുപറഞ്ഞ് പ്രതിഷേധത്തിന്‍റെ തീജ്വാലയായത്.

‘ഷഹ്‌ലയ്ക്ക് കസേരയിൽ ഇരിക്കാൻ പോലും വയ്യായിരുന്നു.. പാമ്പ് കടിച്ചതാന്ന് ആ കുട്ടി പറഞ്ഞതാ… മൂന്നാലു വട്ടം പറഞ്ഞു ആശുപത്രിയിൽ കൊണ്ടുപോകാൻ… ഒര് ടീച്ചറുപോലും ആ കുട്ടീനെ ആശുപത്രീ കൊണ്ടുപോയില്ല… ബെഞ്ച് മറിഞ്ഞതാണ്, കല്ലു കൊണ്ടതാണ്, ആണി കുത്തിയതാണ് എന്നൊക്കെയാ ആ സാർ പറഞ്ഞത്… ആണി കൊണ്ടതാണേലും അഞ്ച് മിനിറ്റ് മുമ്പ് ഒന്ന് ആശുപത്രീല്‍ കൊണ്ടുപോയിരുന്നെങ്കില്‍ ആ കുട്ടീന്‍റെ ജീവന്‍ നഷ്ടമാകുമായിരുന്നോ ? ’ – നിദയുടെ ചോദ്യം തറച്ചുകയറുന്നത് നിരവധി പേരുടെ ഹൃദയത്തിലേക്കാണ്.

സ്കൂൾ യൂണിഫോമിൽ കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ബത്തേരി-മൈസൂർ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്ന സമയത്തെ ചിത്രമാണിത്. അന്ന് നിരവധി സ്കൂളുകളിലെ കുട്ടികൾ ഈ സമരത്തിൽ പങ്കെടുത്തിരുന്നു. ഫോട്ടോഗ്രാഫർ ജോൺസൺ പാട്ടവയല്‍ പകർത്തിയ നിദയുടെ ഈ ചിത്രം നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്.

നീതിക്ക് വേണ്ടി മുഷ്ടി ചുരുട്ടാന്‍ ഭയമില്ലാത്ത ഒരു തലമുറ ഭാവിയുടെ ശുഭപ്രതീക്ഷയാണ്. ഇത്തരം ഉറച്ച ശബ്ദമില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഷഹലയുടേത് ഒരു സ്വാഭാവിക മരണമായി മാറിയേക്കുമായിരുന്നു. അവിടെയാണ് പ്രതികരണശേഷി വറ്റാത്ത ഒരു തലമുറയുടെ പ്രതീകമായി മാറുന്ന നിദ ഉള്‍പ്പെടെയുള്ള പ്രസക്തി. സഹപാഠിക്കായി ഉറച്ച ശബ്ദമായി നിലകൊണ്ട നിദയുടെയും കൂട്ടുകാരുടെയും പോരാട്ടം അഭിമാനത്തോടെയും പ്രതീക്ഷയോടെയുമാണ് ഏവരും കാണുന്നത്.