സാന്ത്വനമായി രാഹുല്‍ ഗാന്ധി ഷഹലയുടെ വീട്ടിലെത്തി ; മാതാപിതാക്കളെ ആശ്വസിപ്പിച്ച് രാഹുല്‍

Jaihind News Bureau
Friday, December 6, 2019

വയനാട് ജില്ലയിൽ മെഡിക്കൽ കോളേജ് അത്യാവശ്യമാണെന്ന് രാഹുൽ ഗാന്ധി. മെഡിക്കൽ കോളേജിനായുള്ള ഭൂമി പ്രശ്നം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂളിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്‍റെ വീടും സ്കൂളും രാഹുൽ ഗാന്ധി സന്ദർശിച്ചു.

രാവിലെ പതിനൊന്നരയോടെയാണ് രാഹുല്‍ ഗാന്ധി ഷഹല ഷെറിന്‍റെ സുൽത്താൻ ബത്തേരിയിലെ വീട്ടിലെത്തിയത്. കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഷഹ്‌ലയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച രാഹുൽ സ്കൂളിൽ നടന്ന കാര്യങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. ഷെഹലയുടെ ഫോട്ടോകളും അദ്ദേഹം കാണാനായി ചോദിച്ചു വാങ്ങി. ഷഹലയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും രാഹുൽ ഗാന്ധി ആശ്വസിപ്പിച്ചു. മികച്ച ചികിത്സാ കേന്ദ്രങ്ങളില്ലാത്തതാണ് ഷഹലയെ പോലുള്ളവരുടെ മരണത്തിന് കാരണമെന്നും മെഡിക്കല്‍ കോളേജ് ആരംഭിക്കണമെന്നും മാതാപിതാക്കളായ അസീസ്, സജ്ന എന്നിവർ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കുമെന്ന് രാഹുൽ ഗാന്ധി മറുപടി നൽകിയതായും മാതാപിതാക്കള്‍ പറഞ്ഞു.

ഷഹല യുടെ വീട്ടിൽ 15 മിനിട്ട് ചിലവഴിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി സർവജന സ്കൂളിലേക്ക് പോയത്. പ്രധാന അധ്യാപകനോടും, പി.ടി.എ ഭാരവാഹികളോടും സംസാരിച്ച ശേഷം ഷഹലയ്ക്ക്പാമ്പ് കടിയേറ്റ 5 A ക്ലാസ് മുറിയും രാഹുൽ ഗാന്ധി സന്ദർശിച്ചു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിലെത്തി വിദ്യാർത്ഥികളെ കണ്ടു. പാമ്പ് കടിയേറ്റ സംഭവം വിദ്യാഭ്യാസ സ്ഥാപനങ്ങിലെ വീഴ്ചകളെയാണ് ചൂണ്ടിക്കാണിക്കുന്നത്. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെെന്നും മികച്ച ആരോഗ്യ കേന്ദ്രങ്ങൾ ജില്ലയിലില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മെഡിക്കല്‍ കോളേജ് ആരംഭിക്കാൻ സ്ഥലപരിമിതിയാണ് പ്രശ്നം. മധ്യപ്രദേശ് സർക്കാരിന്‍റെ വയനാട്ടിലുള്ള ഭൂമി മെഡിക്കല്‍ കോളേജിനായി വിട്ടുകിട്ടാനുള്ള ചർച്ചയ്ക്ക് സർക്കാൻ മുൻകൈ എടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

പാമ്പ്കടി ഏറ്റതുപോലുള്ള അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദ്യാർത്ഥികളും, അധ്യാപകരും ശ്രദ്ധിക്കണമെന്ന് രാഹുല്‍ ഗാന്ധി ഓർമിപ്പിച്ചു. എല്ലാ ആവശ്യങ്ങൾക്കും ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകിയാണ് രാഹുൽ മടങ്ങിയത്. രാഹുൽ ഗാന്ധി സ്കൂളിൽ നിന്നും മടങ്ങിയത്.