പി ചിദംബരം ആശുപത്രി വിട്ടു ; ആരോഗ്യനില തൃപ്തികരം

Jaihind Webdesk
Monday, October 28, 2019

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം ആശുപത്രി വിട്ടു. കഠിനനായ വയറുവേദനയെ തുടര്‍ന്ന് തിങ്കളാഴ്ച വെകിട്ടാണ് ചിദംബരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച രാവിലെ ആര്‍.എം.എല്‍ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ കഠിനമായ വയറുവേദനയുണ്ടെന്ന് ചിദംബരം പറഞ്ഞതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ എയിംസിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇടയ്ക്കിടെ വയറുവേദന ഉണ്ടാകുന്ന സാഹചര്യത്തില്‍ ചികിത്സാർത്ഥം രണ്ടുദിവസത്തെ ജാമ്യം അനുവദിക്കണമെന്ന് കഴിഞ്ഞയാഴ്ചത്തെ വാദം കേള്‍ക്കലിനിടെ ചിദംബരം ആവശ്യപ്പെട്ടിരുന്നു.

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലാണ് ചിദംബരം ഇപ്പോഴുള്ളത്. ഒക്ടോബര്‍ 22ന് സുപ്രീം കോടതി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഒക്ടോബർ 30 വരെ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലായതിനാല്‍ പുറത്തിറങ്ങുന്നത് വൈകും.