ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായി

Jaihind News Bureau
Friday, January 17, 2020

പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രക്ഷോഭം നയിച്ചതിനു ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായി. ഡൽഹി തീസ് ഹസാരി കോടതി ഉപാധികളോടെ യാണ് ജാമ്യം അനുവദിച്ചത്. വൻ സ്വീകരണമാണ് ജയിലിനു പുറത്ത് ആസാദിന് അണികൾ നൽകിയത്.

കഴിഞ്ഞ മാസം 21 നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡൽഹി ജുമാ മസ്ജിദിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ തീസ് ഹസാരി കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി കാമിനി ലാവ് ആണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നാലാഴ്ച ഡൽഹിയിലേക്കു കടക്കരുത്, 25,000 രൂപ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കണം, ഒരു മാസത്തേക്കു പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല, ഡൽഹിയിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ ഒരു മാസത്തേക്കു അവ നീട്ടിവയ്ക്കണം, ചികിത്സയ്ക്കായി ഡൽഹിയിൽ എത്തുന്നുണ്ടെങ്കിൽ അക്കാര്യം പോലീസിനെ അറിയിക്കണം, ഒരു മാസത്തേക്ക് എല്ലാ ശനിയാഴ്ചയും ഉത്തർപ്രദേശ് സഹാറൻപൂർ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നും ഉപാധികളിൽ പറയുന്നു.

അതേസമയം, ഡൽഹി ജുമാ മസ്ജിദ് സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആസാദിൻറെ അഭിഭാഷകൻ ആവശ്യപ്പെട്ടതു കോടതി അംഗീകരിച്ചു. അതേ സമയം പോരാട്ടം തുടരുമെന്നും പ്രതിഷേധിക്കാനുളളത് ഭരണഘടന നൽകുന്ന അവകാശമാണെന്നും ആസാദ് പ്രതികരിച്ചു.