റഫേൽ : സിഎജി റിപ്പോർട്ട് ഇന്ന് പാർലമെന്‍റിൽ അവതരിപ്പിക്കും

Jaihind Webdesk
Wednesday, February 13, 2019

Rafale-Deal-Corruption

റഫേൽ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് ഇന്ന് പാർലമെന്‍റിൽ അവതരിപ്പിക്കും. വിമാനങ്ങളുടെ വിലയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ലെന്നാണ് സൂചന. റിപ്പോർട്ടിന് ഇന്നലെയാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. പാർലമെന്‍റ് സമ്മേളനം ഇന്ന് അവസാനിക്കും.

അതേസമയം, ഈ റിപ്പോര്‍ട്ടിന് വില കല്‍പിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് വോള്യങ്ങളിലായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. വിമാനങ്ങളുടെ വില സിഎജിയുടെ പരിശോധനക്ക് വിധേയമായിട്ടില്ലെന്നും കരാറിലേക്ക് എത്തിച്ചേര്‍ന്നതിന്‍റെ നടപടിക്രമങ്ങള്‍, വിമാനത്തിന്‍റെ കാര്യശേഷി തുടങ്ങിയവ മാത്രമാണ് സിഎജി പരിശോധിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.

രാജ്യസുരക്ഷയെ ബാധിക്കുന്നതിനാലും ഫ്രഞ്ച് സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരവും വില വിവരങ്ങള്‍ പരസ്യമാക്കാനാകില്ലെന്നാണ് നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. അതേസമയം, പ്രധാനമന്ത്രിക്ക് വേണ്ടി പടച്ചുണ്ടാക്കിയ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച രാഷ്ട്രപതിക്കും സര്‍ക്കാരിനും സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടിന് ചൊവ്വാഴ്ച രാഷ്ട്രപതി അംഗീകാരം നൽകി. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ അവസാന ദിനം എന്നതിന് പുറമെ 16-ആം ലോക്സഭയുടെ അവസാന സമ്മേളനദിനം കൂടിയായ ഇന്ന് റിപ്പോര്‍ട്ട് സഭയ്ക്ക് മുമ്പാകെ എത്തുമെന്നാണ് പ്രതീക്ഷ. മാത്രമല്ല റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചയ്ക്ക് തീരുമാനിച്ചാല്‍ സമ്മേളനം നീട്ടാനും സാധ്യതയുണ്ട്.