അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

Jaihind News Bureau
Thursday, October 24, 2019

Counting-Day

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്.

രാവിലെ ഏഴരയോടെ വരണാധികാരിയുടെ സാന്നിധ്യത്തില്‍ സീല്‍ പൊട്ടിച്ച് സ്ട്രോംഗ് റൂമുകള്‍ തുറന്ന് യന്ത്രങ്ങളും വിവി പാറ്റും കൗണ്ടിംഗ്‌ ടേബിളുകളിലേക്ക് മാറ്റി. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ കൗണ്ടിംഗ്‌ ടേബിളുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് യന്ത്രങ്ങള്‍ പുറത്തെടുക്കുന്നത്.

ഓരോ മണ്ഡലത്തിലെയും ബൂത്തുകളുടെ എണ്ണത്തിന് അനുസരിച്ച് റൗണ്ടുകളുടെ എണ്ണം വ്യത്യാസപ്പെടും. വട്ടിയൂര്‍ക്കാവിലെ വോട്ടെണ്ണല്‍ 12 റൗണ്ടുകളോടെ പൂര്‍ത്തിയാകും. അരൂരില്‍ 14ഉം, കോന്നിയില്‍ 16ഉം, മഞ്ചേശ്വരത്ത് 17ഉം, എറണാകുളത്ത് 10 ഉം റൗണ്ടുകള്‍. എട്ടരയോടെ ആദ്യഫലസൂചനകൾ പുറത്തുവരും. ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ പ്രഖ്യാപിക്കും.

ഓരോ മണ്ഡലത്തിലെയും 5 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളും നറുക്കിട്ടെടുത്ത് എണ്ണും. ഇത് കൂടി എണ്ണിക്കഴിഞ്ഞിട്ടേ അന്തിമഫലം ഔദ്യോഗികമായി പുറത്തുവിടൂ എങ്കിലും ജയപരാജയങ്ങൾ ഉച്ചയോടെ തന്നെ പുറത്തറിയും.

സ്ട്രോങ് റൂമുകള്‍ക്ക് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.