ഉപതെരഞ്ഞെടുപ്പ് ഫലം നാളെ ; ഒരുക്കങ്ങള്‍ എല്ലാം പൂർത്തിയായി

Jaihind News Bureau
Wednesday, October 23, 2019

അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. വോട്ടെണ്ണലിന്‍റെ ഒരുക്കങ്ങൾ എല്ലാ മണ്ഡലങ്ങളിലും പൂർത്തിയായി. രാവിലെ എട്ടുമണിക്ക്  വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ  ഔദ്യോഗിക  ഫല പ്രഖ്യാപനം പുറത്ത്  വരും.

മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി,  വട്ടിയൂർക്കാവ് എന്നീ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന  ഉപതെരഞ്ഞെടുപ്പ് ഫലം നാളെ പുറത്ത് പുറത്തുവരും. രാവിലെ എട്ട് മണി മുതൽ ആരംഭിക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.  12 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുക. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും.

14 ടേബിളുകളിലാണ് ഒരു റൗണ്ടിൽ വോട്ടെണ്ണൽ നടക്കുന്നത്. ഇങ്ങനെ 12 റൗണ്ടിൽ വോട്ടെണ്ണൽ പൂർത്തിയാകും. ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. ഇതിനു പുറമേ ഓരോ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽനിന്നുമുള്ള തത്സമയ ട്രെൻഡ് www.trend.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും ലഭിക്കും.   തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

രാവിലെ എട്ടു മണിയോടെ സ്‌ട്രോംഗ് റൂമുകൾ തുറക്കും. വരണാധികാരിയുടേയും തെരഞ്ഞെടുപ്പ് നിരീക്ഷകന്‍റെയും സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂമുകൾ തുറക്കുന്നത്. തുടർന്ന് ആദ്യ റൗണ്ടിൽ എണ്ണാനുള്ള ഒന്നു മുതൽ 14 വരെ പോളിംഗ് ബൂത്തുകളിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ടേബിളുകളിൽ സജ്ജീകരിക്കും. ഈ റൗണ്ട് പൂർത്തിയാകുന്നതോടെ അടുത്ത റൗണ്ട് വോട്ടെണ്ണലിനുള്ള യന്ത്രങ്ങളും എത്തിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശപ്രകാരം അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകളും എണ്ണി തിട്ടപ്പെടുത്തും.  വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞ ശേഷമാകും ഔദ്യോഗിക ഫലപ്രഖ്യാപനം. വോട്ടെണ്ണൽ കേന്ദ്രത്തിന് ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്.