മഴയില്‍ നനഞ്ഞ് വോട്ടെടുപ്പ് : കൂടുതല്‍ പോളിംഗ് അരൂരില്‍, കുറവ് എറണാകുളത്ത്

Jaihind Webdesk
Monday, October 21, 2019

അ‍ഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള പോളിംഗ് സമയം അവസാനിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് അരൂര്‍ മണ്ഡലത്തില്‍. കനത്ത മഴ ദുരിതം വിതച്ച എറണാകുളം മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത്. അരൂരിലെ പോളിംഗ് ശതമാനം 80 കടന്നു. അതേസമയം എറണാകുളം മണ്ഡലത്തില്‍ 57 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്.

ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് അരൂർ മണ്ഡലത്തിലാണ് (80.47 %), കുറവ് എറണാകുളം മണ്ഡലത്തിലും (57.89 %). രാവിലെ ആരംഭിച്ച കനത്ത മഴയാണ് വോട്ടെടുപ്പിനെ സാരമായി ബാധിച്ചത്. ഉച്ചയ്ക്ക് മഴ മാറിയതോടെ ജനം ബൂത്തുകളിലേയ്ക്ക് ഒഴുകിയെത്തി. മഴയില്‍ കൊച്ചി വെള്ളക്കെട്ടിലായതാണ് ഇവിടുത്തെ വോട്ടെടുപ്പിനെ ബാധിച്ചത്. എറണാകുളത്ത് വോട്ടിംഗ് സമയം നീട്ടിനല്‍കണമെന്ന് വിവിധരാഷ്ട്രീയ കക്ഷികള്‍ ആവശ്യം ഉന്നയിച്ചെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണ ഇക്കാര്യം പരിഗണിച്ചില്ല. മഞ്ചേശ്വരം, കോന്നി, വട്ടിയൂർക്കാവ്, അരൂര്‍, എറണാകുളം മണ്ഡലങ്ങളിലായി ആകെ 9,57,509 വോട്ടർമാരാണ് ഉള്ളത്. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.

വോട്ടിംഗ് ശതമാനം

വട്ടിയൂർക്കാവ് – 62.66 %

കോന്നി – 70.07 %

അരൂർ – 80.47 %

എറണാകുളം – 57.89 %

മഞ്ചേശ്വരം – 75.82 %