സംസ്ഥാന ബജറ്റിൽ മുഴങ്ങുന്നത് വിലക്കയറ്റത്തിന്‍റെ കാഹളം; സെസ് അധികഭാരമാവും; വിലക്കയറ്റത്തിലേക്ക് സംസ്ഥാനം

Jaihind Webdesk
Thursday, January 31, 2019

ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ മുഴങ്ങുന്നത് വിലക്കയറ്റത്തിന്‍റെ കാഹളം. പ്രളയപുനർനിർമ്മാണം, ശബരിമല വികസനം, സ്ത്രീശാക്തീകരണം എന്നവയിൽ ഊന്നിക്കൊണ്ട് അവതരിപ്പിച്ച ബജറ്റിൽ നീക്കിവെച്ചിരിക്കുന്ന വിഹിതം എവിടെ നിന്ന് കണ്ടെത്തുമെന്ന ചോദ്യമാണുയരുന്നത്. അധികവിഭവസമാഹരണത്തിന് ചുമത്തിയിട്ടുള്ള രണ്ട് ശതമാനം സെസ് സംസ്ഥാനത്തെ വിലക്കയറ്റത്തിലേക്ക് നയിക്കുമെന്ന സൂചനകളാണ് നൽകുന്നത്. പ്രളയത്തിൽ ബുദ്ധിമുട്ടനുഭവിച്ച ജനങ്ങൾക്ക് ഇരുട്ടടിയായി വിലവർധന മാറിയേക്കും. ഇതിനിടെ ശബരിമല വികസനം, സ്ത്രീശാക്തീകരണം എന്നിവയ്ക്ക് ഊന്നൽ നൽകുക വഴി സർക്കാരിനുണ്ടായ പ്രതിച്ഛായ നഷ്ടം മറികടക്കാനുള്ള രാഷ്ട്രീയനീക്കമാണ് നടത്തിയിട്ടുള്ളതെന്നും വ്യക്തമാകുന്നു.

സെസ് ചുമത്തിയതിനെ തുടർന്ന് വിവിധ മേഖലകളിൽ ഉണ്ടാകുന്ന വിലവർധന ഫലത്തിൽ പൊതുസമൂഹത്തിന് തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നു. സിമെന്റ് അടക്കമുള്ള നിർമ്മാണ വസ്തുക്കൾക്ക് വില കുതിച്ചുയരുന്നതോടെ സംസ്ഥാനത്തെ നിർമ്മാണ മേഖല അിശ്ചിതത്വത്തിലേക്ക് മാറുമെന്നും കരുതപ്പെടുന്നു. ഇതിനു പുറമേ 12, 18 ശതമാനം ജി.എസ്.ടിയുള്ള ഉൽപ്പന്നങ്ങൾക്ക് രണ്ട് വർഷത്തേക്ക് ഏർപ്പെടുത്തുന്ന സെസ് നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയ്ക്ക് കാരണമാവും.

ഇലട്രോണിക്‌സ് ഉൽപന്നങ്ങൾക്കുണ്ടാകുന്ന വിലവർധനയും വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കും. ഇതിനു പുറമേ മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾക്ക് എവിടെ നിന്നും പണം കണ്ടെത്തുമെന്നും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ബജറ്റിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച പദ്ധതികൾ എങ്ങുമെത്തിയിട്ടില്ലെന്നതും യാഥാർത്ഥ്യമാണ്. ഓഖി പാക്കേജടക്കമുള്ള പദ്ധതികളുടെ നടപ്പാക്കലിൽ സർക്കാർ സമ്പൂർണമായി പരാജയപ്പെട്ടിരുന്നു. തിരുവതാംകൂർ ദേവസ്വം ബോർഡിന് വരുമാന നഷ്ടം മറികടക്കാൻ 100 കോടി രൂപ നൽകിയതിന് പുറമേയാണ് ശബരിമല വികസനമെന്ന പേരിൽ കോടികളുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. കിഫ്ബി വഴി വികസന പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ശ്രമം. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത മൂലം നിലവിൽ ഒരു വൻകിട പദ്ധതി പോലും കിഫ്ബിക്ക് ഇതുവരെ പൂർണ്ണമായി നടപ്പിലാക്കാനായിട്ടില്ലെന്നതും യാഥാർത്ഥ്യമാണ്. കോടികളുടെ പദ്ധതികൾ കടലാസിലൊതുങ്ങുമെന്നും ബജറ്റ് കണക്കുകൊണ്ടുള്ള വെറും കളി മാത്രമാണെന്നും ആരോപണമുയർന്നു കഴിഞ്ഞു.