ബോംബ് നിർമ്മാണം കുടിൽ വ്യവസായമാക്കാനുള്ള സിപിഎം പദ്ധതി അംഗീകരിക്കാനാവില്ല ; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം:  സിപിഎം ഭരണത്തിൽ ബോംബ് നിർമ്മാണം കുടിൽ വ്യവസായമാക്കാനുള്ള കമ്മ്യൂണിസ്റ്റ്‌ പദ്ധതി അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി നേതൃത്വവും സംശയത്തിന്‍റെ നിഴലിലായതോടെ അക്രമങ്ങളിലൂടെ ജനങ്ങളെ ഭീതിയിലാഴ്ത്തി ഇലക്ഷനിൽ ജയിക്കാം എന്നാണ് സിപിഎം നേതൃത്വം കരുതുന്നതെന്നും ഇതിനുള്ള മുന്നൊരുക്കമാണ് ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കണ്ണൂരിൽ സിപിഎമ്മിന്‍റെ  ബോംബ് നിർമ്മാണ കേന്ദ്രത്തിൽ സ്ഫോടനം ഉണ്ടാകുന്നത്.  ഭാഗ്യം കൊണ്ട് മാത്രമാണ് ഇത്തരം സംഭവങ്ങളിൽ നിരപരാധികൾക്ക് പരിക്കേൽക്കാതെ രക്ഷപെടുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വസ്തുതകൾ പുറത്തുവരാതിരിക്കാനാണ് സംഭവസ്ഥലം പരിശോധിക്കാൻ എത്തിയ കണ്ണൂർ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി അടക്കമുള്ളവരെ തടയുകയും, ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തത്.

സിപിഎം ഭരണത്തിൽ ബോംബ് നിർമ്മാണം കുടിൽ വ്യവസായമാക്കാനുള്ള കമ്മ്യൂണിസ്റ്റ്‌ പദ്ധതി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. നാട്ടിൽ നടക്കുന്ന കടുത്ത നീതി നിഷേധങ്ങൾക്കെതിരെ തെരുവിലിറങ്ങേണ്ടി വന്ന കോൺഗ്രസ്‌ പ്രവർത്തകരോട് കോവിഡ് വന്നു മരിക്കേണ്ട എന്ന് ഉപദേശിച്ച മന്ത്രി ഓർക്കണം, ബോംബ് പൊട്ടിയാലും നഷ്ടപ്പെടുന്നത് മനുഷ്യജീവനാണ്- രമേശ് ചെന്നിത്തല കുറിപ്പില്‍ കൂട്ടിച്ചേർത്തു.

 

Comments (0)
Add Comment