കള്ളനോട്ട് കേസില്‍ മുമ്പ് അറസ്റ്റിലായ ബി.ജെ.പി പ്രവര്‍ത്തകന്‍ വീണ്ടും കള്ളനോട്ടുമായി പിടിയില്‍

Jaihind Webdesk
Saturday, September 21, 2019

കോഴിക്കോട്: മോദിയുടെ നോട്ട് നിരോധനത്തിന് പിന്നാലെ കള്ളനോട്ടുമായി നേരത്തെ അറസ്റ്റിലായിട്ടുള്ള ബി.ജെ.പി പ്രവര്‍ത്തകന്‍ വീണ്ടും അറസ്റ്റില്‍. കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി ഏരാശേരി രാഗേഷാണ് ലക്ഷങ്ങളുടെ വ്യാജനോട്ടുമായി അറസ്‌റ്റിലായത്. ഇയാളുടെ കൂട്ടാളിയായ മലപ്പുറം സ്വദേശി സുനീർ അലിയും പിടിയിലായിട്ടുണ്ട്. കോഴിക്കോട് ഓമശേരിയിൽ വെച്ചാണ് കൊടുവള്ളി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ബി.ജെ.പി പ്രവര്‍ത്തകനും യുവമോർച്ചയുടെ ശ്രീനാരായണപുരം കിഴക്കൻ മേഖലാ ഭാരവാഹിയുമായ ഏരാച്ചേരി രാഗേഷ്‌ 2017ലും കള്ളനോട്ട് കേസിൽ പിടിയിലായിരുന്നു.  ഇയാളുടെ സഹോദരനും അന്ന് പിടിയിലായിരുന്നു. പലിശയ്ക്ക് പണം കൊടുക്കുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധനയ്കക്കെത്തിയ പൊലീസ് ഇയാളുടെ വീട്ടില്‍ കള്ളനോട്ടടിക്കുന്നതിനുള്ള സംവിധാനങ്ങള്‍ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെയുണ്ടായ സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയതുമായിരുന്നു. ദേശീയതലത്തില്‍ പോലും സംഭവം ചർച്ചയായതോടെ രാഗേഷിനും സഹോദരനുമെതിരെ നടപടിയെടുക്കാന്‍ ബി.ജെ.പി നിർബന്ധിതമായിരുന്നു. കള്ളനോട്ട് കേസിൽ പിടിയിലായതിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയ രാഗേഷ് പൊലീസിന്‍റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ലക്ഷങ്ങളുടെ കള്ളനോട്ടുമായി വീണ്ടും പൊലീസിന്‍റെ പിടിയിലായത്.