ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു

Jaihind Webdesk
Saturday, March 2, 2019

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. അഡീഷണല്‍ ജില്ലാ കോടതി (3) യുടേതാണ് നടപടി. പുതുക്കാട്ടെ ബി.ജെ.പി പ്രവര്‍ത്തകനായ അനീഷിനെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്.

പാലിയേക്കര ടോള്‍ പ്ലാസയ്ക്കെതിരേ 2012ല്‍ നടന്ന സമരത്തിന്റെ പേരിലാണ് ഇരുവര്‍ക്കെതിരെയും കോടതി നടപടി സ്വീകരിച്ചത്. കേസില്‍ വി മുരളീധരന്‍ എംപി, ശോഭാ സുരേന്ദ്രന്‍ എന്നിവരടക്കം 10 ബിജെപി നേതാക്കള്‍ക്ക് നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. രണ്ടു പേരൊഴികെ മറ്റുള്ളവര്‍ ജാമ്യം നേടി.
ഇനിയും കോടതിയില്‍ എത്താത്തവരെയാണ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്. 2012 ഫെബ്രുവരിയില്‍ ആണ് ബിജെപി ടോള്‍ പ്ലാസയ്ക്കെതിരേ സമരം നടത്തിയത്. ടോള്‍ പ്ലാസയ്ക്കു നാശം വരുത്തിയതും ഗതാഗതം തടസ്സപ്പെടുത്തിയതും മറ്റും ആരോപിച്ച് 54 പേര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.