കേന്ദ്രമന്ത്രിയെ “പാഠം പഠിപ്പിച്ച്” വ്യവസായി; നന്ദി പറഞ്ഞ് വിഷയം മാറ്റി മന്ത്രി തടിതപ്പി

Jaihind Webdesk
Saturday, September 7, 2019

രാജ്യത്ത് വാഹന വിപണി നേരിടുന്ന മാന്ദ്യത്തെക്കുറിച്ചും അതിന്‍റെ കാരണങ്ങളെക്കുറിച്ചും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന് വ്യക്തമായ വിശദീകരണം നല്‍കി ഒരു വ്യവസായി. വാഹന വില്‍പ്പന വര്‍ദ്ധിക്കാത്തതിനെക്കുറിച്ച് സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ച കേന്ദ്രമന്ത്രിക്ക് മുന്നില്‍ രാജ്യത്തെ വാഹന വില്‍പ്പന കുറയാന്‍ കാരണം നോട്ട് നിരോധനമാണെന്ന് തുറന്നടിക്കുകയായിരുന്നു ജസ്ബീര്‍ സിംഗ് എന്ന വ്യവസായി.

ഓട്ടോമോട്ടീവ് കോമ്പോണന്‍റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.സി.എം.എ)യുടെ വാര്‍ഷിക ഉച്ചകോടിയിലായിരുന്നു സംഭവം. സര്‍ക്കാര്‍ ആര്‍.ബി.ഐ വഴി വന്‍ ഇടപെടലുകള്‍ നടത്തിയിട്ടും നിര്‍മ്മാതാക്കള്‍ ഡിസ്‌ക്കൗണ്ട് നല്‍കിയിട്ടും എന്തുകൊണ്ടാണ് വാഹന വില്‍പ്പന വര്‍ധിക്കാത്തതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ സംശയം. സര്‍ക്കാര്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുവെന്നും എന്നിട്ടും മാന്ദ്യം ഉണ്ടാകുന്നതിനുള്ള കാരണം മനസ്സിലാകുന്നില്ലെന്ന ഉത്കണ്ഠയുമാണ് അനുരാഗ് താക്കൂര്‍ സദസ്സിനോട് പങ്കുവച്ചത്.

എന്നാല്‍, അദ്ദേഹത്തിന്‍റെ സംസാരം തടസ്സപ്പെടുത്തി ജിഎസ് ഓട്ടോ ലുധിയാനയുടെ ചെയര്‍മാന്‍ ജസ്ബീര്‍ സിംഗ് ഉടന്‍ മറുപടിയുമായി എത്തി. ഇത് നോട്ട് നിരോധനത്തിന്‍റെ വൈകിവന്ന പ്രത്യാഘാതമാണെന്നും ജനങ്ങളുടെ കൈയില്‍ പണമില്ലെന്നും ജസ്ബീര്‍ സിംഗ് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്‍റെ മറുപടിയോട് പ്രതികരിക്കാതെ വീണ്ടും വീണ്ടും “നന്ദി” പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു അനുരാഗ് താക്കൂര്‍.

പിന്നാലെ മാന്ദ്യത്തിന് മറ്റ് കാരണങ്ങള്‍ തേടിയ അനുരാഗ് താക്കൂര്‍, നോട്ട് നിരോധനത്തിന്‍റെ വൈകിവന്ന പ്രത്യാഘാതമാണ് ഇതെങ്കില്‍ ഇതില്‍ നിന്നും എങ്ങനെ മുന്നോട്ട് പോകുമെന്നും ചോദിച്ചു. ആഗോളതലത്തില്‍ കുറയുകയാണോ അതോ പ്രാദേശികമായി മാത്രം കുറയുകയാണോ? എന്നും അദ്ദേഹം ചോദിച്ചു. ആളുകള്‍ കാബുകളും ഇലക്ട്രിക് വാഹനങ്ങളും കൂടുതല്‍ ഉപയോഗിക്കുന്നതാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാണോ കാരണമെന്നും താക്കൂര്‍ ചോദിച്ചു.