ഇത് അജിത് പവാറിന്‍റെ മാത്രം തീരുമാനം ; പാർട്ടിയുടെ അറിവോടെയല്ലെന്ന് ശരദ് പവാർ

Jaihind Webdesk
Saturday, November 23, 2019

 

മഹാരാഷ്ട്രയില്‍ നാടകീയമായ രാഷ്ട്രീയ അട്ടിമറിയിലൂടെ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ എന്‍.സി.പിക്കുള്ളില്‍ ഭിന്നത. സര്‍ക്കാര്‍  രൂപീകരിക്കാന്‍ ബി.ജെ.പിയെ പിന്തുണയ്ക്കാനുള്ള അജിത് പവാറിന്‍റെ തീരുമാനം വ്യക്തിപരം മാത്രമാണെന്ന് പ്രതികരിച്ച് ശരദ് പവാര്‍ രംഗത്തെത്തി. എന്‍.സി.പി നേതൃത്വം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും പവാര്‍ പറഞ്ഞു.

‘അജിത് പവാറിന്റെ തീരുമാനം തികച്ചും വ്യക്തിപരമാണ്. ഇത്തരമൊരു തീരുമാനം എന്‍.സി.പി ദേശീയ നേതൃത്വത്തിന്റെ അറിവോടെയല്ല. അദ്ദേഹത്തിന്‍റെ ഈ തീരുമാനത്തെ ഞങ്ങള്‍ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു’ – ശരദ് പവാര്‍ ട്വിറ്ററില്‍ കുറിച്ചു.

രാഷ്ട്രീയ മര്യാദകളെല്ലാം ലംഘിച്ച അട്ടിമറി നീക്കത്തിനൊടുവിലാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി-എന്‍.സി.പി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റത്. ബി.ജെ.പിയുടെ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു.

ബി.ജെ.പി ഇതര സര്‍ക്കാരിനായുള്ള ചർച്ചകള്‍ ധാരണയിലെത്തി നില്‍ക്കുമ്പോഴായിരുന്നു അട്ടിമറി നീക്കത്തിലൂടെ മഹാരാഷ്ട്രയില്‍ ഇന്ന് രാവിലെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ രാവിലെ എട്ട് മണിയോടെയായിരുന്നു സത്യപ്രതിജ്ഞ.  എന്‍.സി.പി – കോണ്‍ഗ്രസ് ചര്‍ച്ച ഇന്നും തീരുമാനിച്ചിരിക്കവെയാണ് അട്ടിമറി നീക്കത്തിലൂടെ ബി.ജെ.പി സർക്കാര്‍ അധികാരമേറ്റത്. അതേസമയം രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചതിയാണ് നടന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.[yop_poll id=2]