വയനാട്ടില്‍ വീണ്ടും സ്കൂളില്‍ വെച്ച് വിദ്യാർത്ഥിക്ക്പാമ്പ് കടിയേറ്റു

Jaihind News Bureau
Tuesday, December 17, 2019

വയനാട്ടിൽ വീണ്ടും സ്കൂളിൽ വെച്ച് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. ബീനാച്ചി ഗവൺമെന്‍റ് ഹൈസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് പാമ്പുകടിയേറ്റതിനെ തുടർന്ന് മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളേജാശു പത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് ആന്‍റിവെനം നൽകിത്തുടങ്ങിയതായും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ബത്തേരിക്കടുത്തുള്ള ബീനാച്ചി ഗവൺമെന്‍റ് ഹൈസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റെയ്ഹാനാണ് പാമ്പ് കടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് വിദ്യാർത്ഥിക്ക് സ്കൂൾ കോമ്പൗണ്ടിൽ വെച്ച് പാമ്പ് കടിയേറ്റത്. എന്നാല്‍ വിവരം കുട്ടി സ്കൂളിൽ ആരേയും അറിയിച്ചിരുന്നില്ലെന്ന് അധികൃതർ പറയുന്നു. തുടർന്ന് സ്കൂളിൽ നിന്നും വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. റെയ്ഹാന് ആന്‍റിവെനം നൽകിത്തുടങ്ങിയതായും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

സ്കൂൾ മുറ്റത്ത് ഇന്‍റർലോക്ക് പാകിയതാണെന്നും വിദ്യാർത്ഥിക്ക് അവിടെ വച്ച് പാമ്പ് കടിയേൽക്കാൻ സാധ്യതയില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. ഷഹല ഷെറിനെ ആശുപത്രിയിലെത്തിച്ച അതേ ആംബുലൻസ് ഡ്രൈവറാണ് റെയ്ഹാനെയും ആശുപത്രിയിലെത്തിച്ചത്.