സ്വകാര്യ ബസ് ജീവനക്കാരുടെ അനാസ്ഥ; വയനാട് പിതാവിനെയും മകളെയും തള്ളിയിട്ട് നിർത്താതെ പോയ സ്വകാര്യ ബസ്സിന്‍റെ പിൻചക്രം കയറിയിറങ്ങി പിതാവ് ഗുരുതരാവസ്ഥയില്‍

Jaihind News Bureau
Friday, January 17, 2020

വയനാട് ബത്തേരി മീനങ്ങാടിക്കടുത്ത് പിതാവിനെയും മക്കളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിർത്താതെ പോയതായി പരാതി. പിതാവിന്‍റെ കാലിലൂടെ ബസ്സിന്‍റെ പിൻചക്രം കയറിയിറങ്ങി തുടയെല്ലുകൾ തകർന്നു. ഗുരുതരമായി പരിക്കേറ്റ കാര്യമ്പാടി സ്വദേശി ജോസഫിനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അതേ സമയം സ്വകാര്യ ബസ് ജീവനക്കാരുടെ വീഴ്ചമൂലം മധ്യവയസ്‌കനും, മകൾക്കും പരുക്കേറ്റ സംഭവത്തിൽ നടപടിയുമായി വയനാട് എൻഫോഴ്സ്മെന്റ് ആർടിഒ. പ്രാഥമിക അന്വേഷണത്തിൽ ബസ് ഡ്രൈവറായ വിജീഷ്, കണ്ടക്ടർ ലതീഷ് എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഇരുവരുടേയും ലൈസൻസ് സസ്പെന്‍റ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായി എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അധികമായി വന്ന വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതിരിക്കാനുള്ള ബസ് ജീവനക്കാരുടെ ശ്രമത്തിന്‍റെ ഭാഗമായാണ് അപകടം സംഭവിച്ചതെന്ന് വിലയിരുത്തുന്നതായി ആർ.ടി.ഒ പ്രസ്താവിച്ചു.