ഗള്‍ഫിന്‍റെ വളര്‍ച്ചയ്‌ക്കൊപ്പം ജീവകാരുണ്യ മുഖവുമായി വളര്‍ന്ന് സി.കെ മേനോന്‍ ; ഗാന്ധിജയന്തി ദിനത്തില്‍ തൃശൂരിലെ മണ്ണില്‍ ഓര്‍മ്മയാകും…

Jaihind News Bureau
Tuesday, October 1, 2019

ദുബായ് : ഗള്‍ഫിന്‍റെ വളര്‍ച്ചയ്‌ക്കൊപ്പം ജീവകാരുണ്യത്തിന്‍റെ മുഖവുമായി വളര്‍ന്ന വ്യവസായി ആണ് പത്മശ്രീ അഡ്വക്കേറ്റ് സി.കെ മേനോന്‍. കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സാര്‍ഥം നാട്ടില്‍ ആയിരുന്നു. ഇന്ത്യയിലെ പ്രത്യകിച്ച് കേരളത്തിലെയും ഗള്‍ഫിലെയും ഭരണക്കര്‍ത്താക്കളുമായി എന്നും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അത് രാഷ്ട്രീയ ബന്ധത്തിന് അപ്പുറമുള്ള സൗഹൃദമായിരുന്നു. ചേരില്‍ കൃഷ്ണമേനോന്‍ എന്ന ഈ വ്യക്തിത്വം സി.കെ മേനോന്‍ എന്ന ചുരുക്കപേരിലാണ് അറിയപ്പെട്ടിരുന്നത്.  ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഇന്ന് രാത്രി 7.15 നാണ് മരണം സംഭവിച്ചത്. ഒക്ടോബര്‍ രണ്ട് ബുധനാഴ്ച , അതായത്  നാളെ, രാവിലെ പത്ത് മണിക്ക്  എറണാകുളത്തെ വീട്ടില്‍ മൃതദേഹം എത്തിക്കും. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ എറണാകുളത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് തൃശൂരിലേക്ക് കൊണ്ടുപോകും. തൃശൂരിലെ വീട്ടില്‍ വൈകിട്ട് നാലു  മുതല്‍ അഞ്ചു വരെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകിട്ട് ആറിന് തൃശൂര്‍ പാറമേക്കാവ് ശ്മശാനത്തില്‍ സംസ്‌കരിക്കും.

എട്ടിലധികം രാജ്യങ്ങളിലായി കഴിഞ്ഞ 35 വര്‍ഷക്കാലമായി സി.കെ മേനോന്‍റെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മലയാളികള്‍ ഉള്‍പ്പടെ ആയിരങ്ങള്‍ക്ക് ജോലി നല്‍കി. 2009 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ജീവകാരുണ്യ-സാമൂഹ്യ സേവനങ്ങള്‍ക്കാണ് ഈ അംഗീകാരം നല്‍കിയത്.  2006 ല്‍ പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ചു.  നോര്‍ക്ക-റൂട്ട്സ് വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ച് വരുകയായിരുന്നു. ജയശ്രീ കൃഷ്ണമേനോന്‍ ആണ് ഭാര്യ. അഞ്ജന, ശ്രീരഞ്ജിനി, ജെ.കെ മേനോന്‍ എന്നിവര്‍ മക്കളാണ്.

ഖത്തര്‍ ഭരണകൂടത്തിന്‍റെ ദോഹ ഇന്‍റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ സി.കെയെ തേടിയെത്തി. ഇപ്രകാരം ദോഹ ഇന്‍റര്‍ഫെയ്ത് പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് അദേഹം. കോണ്‍ഗ്രസ് അനുഭാവ, കലാ-സാസ്‌കാരിക സംഘടനയായ ഒ. ഐ.സി.സിയുടെ പ്രഥമ ഗ്ലോബല്‍ പ്രസിസന്‍റും ഇന്‍കാസ് ഖത്തറിന്‍റെ മുഖ്യ രക്ഷാധികാരിയുമായിരുന്നു. ജയ്ഹിന്ദ് ടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചു.  2011 ല്‍ കണ്ണൂര്‍ പാനൂരിന് സമീപം മൊകേരിയിലുള്ള 150 വര്‍ഷം പഴക്കമുള്ള മസ്ജിദ് പുതുക്കി പണിത് ലോക വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അന്ന് ഒരു കോടി രൂപ നല്‍കി മതസൗഹാര്‍ദത്തിന്‍റെ പുതിയ മുഖമാണ് സി.കെ എന്ന രണ്ട് അക്ഷരം ചരിത്രത്തില്‍ എഴുതിയത്. സി.കെയുടെ നിര്യാണത്തില്‍ ഗള്‍ഫിലെ രാജകുടുംബാഗങ്ങളും വ്യവസായികളും കലാ-സാസ്‌കാരിക സംഘടനകളും  അനുശോചനം രേഖപ്പെടുത്തി. ഇനി ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സി.കെ തൃശൂരിലെ മണ്ണില്‍ ഓര്‍മ്മയാകും.