കോടിയേരി വിരട്ടി, മലക്കംമറിഞ്ഞ് പദ്മകുമാര്‍; ‘ദേവസ്വം കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടില്ല’

Jaihind Webdesk
Friday, February 8, 2019

A Padmakumar Kodiyeri Balakrishnan

ദേവസ്വം കമ്മീഷണർക്ക് എതിരെയുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പദ്മകുമാർ. ദേവസ്വം കമ്മീഷണർ എൻ വാസുവിനോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് പദ്മകുമാർ പറഞ്ഞു. ശബരിമല യുവതീപ്രവേശന വിഷയത്തിൽ ദേവസ്വം കമ്മീഷണറെ ശരിവെച്ചും ബോർഡ്‌ പ്രസിഡന്‍റിനെ തള്ളിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയതോടെയാണ് പദ്മകുമാറിന്‍റെ ചുവടുമാറ്റം. പ്രസിഡൻറ് സ്ഥാനം രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബോർഡിലെ നിയമനങ്ങൾ രാഷ്ട്രീയ അടിസ്ഥാനത്തിലാണെന്നും ഈ സാഹചര്യത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച് കാര്യങ്ങൾ ധരിച്ചിപ്പിച്ചതെന്നും ദേവസ്വം കമ്മീഷണർ എൻ വാസു വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തിൽ സാവകാശ ഹർജിക്ക് ഇനി പ്രസക്തി ഇല്ലെന്നും വാസു പറഞ്ഞിരുന്നു. തന്നോട് ദേവസ്വം ബോർഡ് പ്രസിഡന്‍റ് വിശദീകരണം ചോദിച്ചിട്ടില്ലെന്നും വാസു വ്യക്തമാക്കി.

എന്നാല്‍ വാസുവിന്‍റെ പ്രസ്താവനയെ നിരാകരിച്ച പദ്മകുമാർ ദേവസ്വം ബോർഡ് സ്ഥാനങ്ങൾ രാഷ്ട്രീയ നിയമനങ്ങളാണെങ്കിലും സ്ഥാനം ഏറ്റെടുത്തുകഴിഞ്ഞാൽ രാഷ്ട്രീയം പാടില്ലെന്നും വ്യക്തമാക്കിയിരുന്നു. സാവകാശ ഹർജിക്ക് പ്രസക്തി ഉണ്ടന്നും അദ്ദേഹം ആവർത്തിച്ചു. ഇതോടെ പദ്മകുമാറിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തുകയായിരുന്നു.

പാർട്ടിയും സർക്കാരും തനിക്ക് എതിരാണെന്ന് ബോധ്യമായതോടെ പദ്മകുമാർ മുൻ നിലപാട് തിരുത്തി. ദേവസ്വം കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് പെൻഷൻകാരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു. തന്‍റെ വാക്കുകൾ ദുർവ്യാഖാനം ചെയ്തുവെന്നും പദ്മകുമാർ പറഞ്ഞു.

സി.പി.എമ്മിന്‍റെ ശക്തമായ ഇടപെടലാണ് പദ്മകുമാറിന്‍റെ ചുവടുമാറ്റത്തിന് കാരണം. ശബരിമല വിഷയത്തിൽ തുടക്കം മുതൽ പദ്മകുമാർ ഇരട്ട നിലപാടാണ് സ്വീകരിക്കുന്നത്.