സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തും; 80 കഴിഞ്ഞവർക്ക് തപാൽ വോട്ട്

Jaihind News Bureau
Saturday, December 26, 2020

Teeka-Ram-Meena

 

സംസ്ഥാനത്തെ നിയമസഭാ തെരെഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താൻ ആലോചന. മാർച്ച് രണ്ടാം വാരം വിജ്ഞാപനം ഇറങ്ങും. ഏപ്രിൽ അവസാനമോ മേയ് ആദ്യമോ തെരഞ്ഞെടുപ്പ് നടക്കും. സർക്കാരുമായും രാഷ്ട്രീയ പാർട്ടികളുമായും ചർച്ച ചെയ്തശേഷം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തെരഞ്ഞെടുപ്പു കമ്മിഷന് റിപ്പോർട്ട് നൽകും.

80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍ വോട്ട് അനുവദിക്കുമെന്നും സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ പറഞ്ഞു. എന്നാല്‍ ഇത് നിര്‍ബന്ധമല്ലെന്നും താല്പര്യമുള്ളവര്‍ക്ക് തപാല്‍വോട്ട് ചെയ്യാനുള്ള സൗകര്യം ഉപയോഗിക്കാമെന്നുമുള്ള നിര്‍ദേശമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിജിപി മാറേണ്ടതില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. ഒരേപദവിയില്‍ മൂന്നു വര്‍ഷമായി തുടരുന്ന പൊലീസ് റവന്യൂ ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് ചട്ടം. എസ്.ഐ മുതല്‍ ഐജി വരെയുള്ളവര്‍ക്കാണ് സ്ഥലംമാറ്റമുണ്ടാകും. അതിനാല്‍ തന്നെ ഡിജിപിക്ക് ഇക്കാര്യം ബാധകമല്ല. എന്തെങ്കിലും മാറ്റമുണ്ടായാല്‍ വേണ്ട നടപടിക്രമങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു.

ഗ്രാമമേഖലകളിലെ ഒരു പോളിങ് സ്റ്റേഷനിൽ 1400 വോട്ടർമാർ ആയിരുന്നത് 1000 ആക്കിയിട്ടുണ്ട്. 1000ല്‍ കൂടുതല്‍  വോട്ടർമാർ ഉള്ള പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 15,000 നു മുകളിലാണ്. ഇതോടെ തെരഞ്ഞടുപ്പിനായി  45,000 പോളിങ് സ്റ്റേഷനുകള്‍ ആവശ്യമായി വരും. പോളിങ് സ്റ്റേഷനുകൾക്ക് ആവശ്യമായ കെട്ടിട സൗകര്യം ഉണ്ടോയെന്നു പരിശോധിക്കാൻ ജില്ലാ കലക്ടർമാർക്കു നിർദേശം നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ആവശ്യത്തിനു ജീവനക്കാരുണ്ടോ എന്നതും പരിശോധിക്കും. ജീവനക്കാർ കുറവാണെങ്കിൽ മറ്റു ജില്ലകളിൽ നിന്ന് ജീവനക്കാരെ എത്തിക്കും. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ പരമ്പരാഗതമായുള്ള ഒറ്റഘട്ട തെരഞ്ഞെടുപ്പ് മാറ്റി രണ്ട് ഘട്ടമാക്കാനാണ് ആലോചിക്കുന്നത്.