ജാവദേക്കര്‍ വിവാദം; ഇ.പി ജയരാജനെ സംരക്ഷിച്ച് സിപിഎം

Jaihind Webdesk
Monday, April 29, 2024

തിരുവനന്തപുരം: പ്രകാശ് ജാവദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെ സംരക്ഷിച്ചും ന്യായീകരിച്ചും സിപിഎം. ഇ.പിക്കെതിരെ നടപടിയോ അന്വേഷണമോ ഇല്ല. അസത്യപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം വി . ഗോവിന്ദൻ.  മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി കളത്തിലിറങ്ങിയ ഇ പിക്കെതിരെ മുഖം രക്ഷിക്കാൻ നടപടി എടുത്താൽ അത് കൂടുതൽ തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം ജയരാജനെ സംരക്ഷിച്ചു തന്ത്രപരമായ സമീപനം എടുത്തത്.

പ്രകാശ് ജാവദേക്കറുമായുള്ള ഇ.പിയുടെ കൂടിക്കാഴ്ച വിവാദം ആളിക്കത്തുന്നതിനിടയിൽ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  വിഷയം ചർച്ചചെയ്തെങ്കിലും തന്ത്രപരമായ സമീപനം കൈക്കൊള്ളുവാൻ തീരുമാനിക്കുകയായിരുന്നു.
ഇ പിക്കെതിരെ നടപടിയോ അന്വേഷണമോ നടത്താതെ ജയരാജനെ പൂർണമായും ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടിലേക്ക് സിപിഎം എത്തുകയായിരുന്നു. നിഷ്കളങ്കമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും അസത്യം പ്രചരിപ്പിച്ചവർക്കെതിരെ ജയരാജൻ നിയമ നടപടി സ്വീകരിക്കുമെന്നും യോഗം കഴിഞ്ഞ ശേഷം എം വി ഗോവിന്ദൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായാണ് ജയരാജൻ ജാവദേക്കറെ കണ്ടതെന്ന ആരോപണം നേരത്തെ പ്രതിപക്ഷം ശക്തമായി ഉയർത്തിയിരുന്നു. അക്ഷരാർത്ഥത്തിൽ ഇതിനെ സാധൂകരിക്കുന്ന സമീപനം തന്നെയാണ് വിവാദ കൂടിക്കാഴ്ചയിൽ
സിപിഎം കൈ കൊണ്ടതും. മുഖ്യമന്ത്രിക്ക് വേണ്ടി കളത്തിലിറങ്ങിയ ഇ പിയെ ബലി കൊടുത്തു മുഖം രക്ഷിക്കാൻ നടപടി എടുത്താൽ അത് കൂടുതൽ തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം ജയരാജനെ സംരക്ഷിച്ചു തന്ത്രപരമായ സമീപനം കൈ കൊണ്ടത്. വിവാദ വിഷയത്തിലെ സിപിഎം നിലപാട് ഇടതുമുന്നണിയിൽ കല്ലുകടി ഉയർത്തുകയാണ്. വിവാദ കൂടികാഴ്ച്ചക്കെതിരെ സിപിഐ പരസ്യമായി വിമർശനമുയർത്തിയിരുന്നു. സിപിഎമ്മിലെ വലിയൊരു വിഭാഗവും ഇ.പിക്കെതിരെ നടപടി വേണമെന്ന നിലപാടുകാരാണ്. എന്നാൽ മുഖ്യമന്ത്രി സംരക്ഷകനായതോടെ കാര്യങ്ങൾ ഇ.പിയ്ക്കു അനുകൂലമാവുകയായിരുന്നു.