ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാന്‍ മുഖ്യമന്ത്രിയുടെ കേരള പര്യടനം

Jaihind News Bureau
Tuesday, December 22, 2020

pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേരള പര്യടനം ഇന്ന് ആരംഭിക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങളും ഏറെയാണ്. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇനിയും കുറ്റവിമുക്തം ആയിട്ടില്ല. പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരി ഇപ്പോഴും ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിലുമാണ്. അതിനിടയിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഉന്നംവെച്ചുകൊണ്ടുള്ള ഈ യാത്ര. ഇപ്പോൾ ഉയരുന്ന ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ പിന്തിരിക്കാനാണ് കേരള പര്യടനം എന്നാണ് ഉയരുന്ന ആക്ഷേപം.

യാത്രയിൽ നിന്നും ലഭിക്കുന്ന ആശയങ്ങളും അഭിപ്രായങ്ങളും ഉൾക്കൊണ്ടുകൊണ്ട് 2021 ലെ പ്രകടന പത്രിക തയാറാക്കും എന്നാണ് വാദം. 2016 ലും സമാനമായ യാത്ര പിണറായി വിജയൻ നടത്തിയിരുന്നു. എൽ.ഡി.എഫ് വരും എല്ലാം ശരിയാകും എന്നതായിരുന്നു അന്ന് ഉയർത്തിയ മുദ്രാവാക്യം. എന്നാൽ പിണറായി സർക്കാർ അധികാരത്തില്‍ വന്ന് ഭരണം 5 വർഷത്തിലേക്ക് അടുക്കുമ്പോഴും സ്വപ്നയെ പോലുള്ളവർക്കാണ് ഈ സർക്കാരിനെ കൊണ്ട് ഗുണങ്ങൾ ഉണ്ടായത് എന്നതാണ് വസ്തുത. സർക്കാരിന്‍റെ പദ്ധതികൾ തെരഞ്ഞെടുപ്പിൽ വലിയ തോതിൽ ഇടതുമുന്നണി ഉയർത്തിക്കൊണ്ടു വരികയും ചെയ്തിരുന്നു. സർക്കാർ പദ്ധതികളിലൂടെ സാധാരണക്കാരന്‍റെ ക്ഷേമം അല്ല, മറിച്ച് വോട്ട് ബാങ്ക് എന്നതിലാണ് ഇടത് സർക്കാർ ലക്ഷ്യമിട്ടതെന്ന കാര്യത്തില്‍ സംശയമില്ല.

വികസനത്തിന് ഒരു വോട്ട് എന്നതായിരുന്നു ഇടതുപക്ഷത്തിന്‍റെ പ്രധാന മുദ്രാവാക്യം. എന്നാല്‍ ഇടതുസര്‍ക്കാർ ചെയ്തത് യു.ഡി.എഫ് സർക്കാരിന്‍റെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക മാത്രമാണ്. ഇതിനൊക്കെ പുറമെ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെയാണ് ആളുകളെ കൂട്ടി ജനങ്ങള്‍ക്ക് മാതൃകയാവുന്നത്. ആരോപണങ്ങളിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഇടതുപക്ഷത്തിനും സർക്കാരിനും പിടിവള്ളിയാകുമെന്ന പ്രതീക്ഷയിലാണ് കേരള പര്യടനത്തിന് പിണറായി വിജയൻ ഒരുങ്ങുന്നത്. അഴിമതികൾക്ക് പകരമാകുമോ യാത്ര എന്നതാണ് ഉയരുന്ന ചോദ്യം.