അബ്കാരി ചട്ടത്തില്‍ വരുത്തിയ ഭേദഗതി ഉടന്‍ റദ്ദാക്കണം; വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Jaihind News Bureau
Saturday, April 25, 2020
VM-Sudheeran-Nov30

ബിവറേജസ് കോര്‍പ്പറേഷന്‍റെ വെയര്‍ഹൗസുകളില്‍ നിന്ന് വ്യക്തികള്‍ക്ക് നിയമപരമായി മദ്യം വില്‍ക്കാന്‍ അനുമതി നല്‍കി അബ്കാരി ചട്ടത്തില്‍ വരുത്തിയ ഭേദഗതി ഉടനടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.  ഭേദഗതിയോടെ ബിവറേജസ് കോര്‍പ്പറേഷന്‍റെ  23 വെയര്‍ഹൗസുകളെക്കൂടി ചില്ലറ മദ്യവില്‍പനകേന്ദ്രങ്ങളാക്കി മാറ്റി മദ്യവില്‍പനയുടെ ശൃംഖല സര്‍ക്കാര്‍ വിപുലപ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം കത്തില്‍ പറയുന്നു.

ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളില്‍നിന്നും അടിയന്തര സാഹചര്യത്തില്‍ മദ്യം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കിക്കൊണ്ടുള്ള ഈ ഭേദഗതി മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യങ്ങളില്‍പ്പോലും മദ്യവില്‍പനയ്ക്കുള്ള പഴുതുകണ്ടെത്തുന്നതാണെന്നും അദ്ദേഹം കത്തില്‍ കുറിച്ചു.

വി.എം സുധീരന്‍ മുഖ്യമന്ത്രിക്കയച്ച കത്തിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,
ബിവറേജസ് കോര്‍പ്പറേഷന്റെ വെയര്‍ഹൗസുകളില്‍നിന്ന് വ്യക്തികള്‍ക്ക് നിയമപരമായി മദ്യം വില്‍ക്കാന്‍ അനുമതി നല്‍കി അബ്കാരി ചട്ടത്തില്‍ വരുത്തിയ ഭേദഗതി ഉടനടി റദ്ദാക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
ഈ ഭേദഗതിയോടെ ബിവറേജസ് കോര്‍പ്പറേഷന്റെ 23 വെയര്‍ഹൗസുകളെക്കൂടി ചില്ലറ മദ്യവില്പനകേന്ദ്രങ്ങളാക്കിമാറ്റി മദ്യവില്പനയുടെ ശൃംഖല സര്‍ക്കാര്‍ വിപുലപ്പെടുത്തിയിരിക്കുകയാണ്.
ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍നിന്നും അടിയന്തിര സാഹചര്യത്തില്‍ മദ്യം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കിക്കൊണ്ടുള്ള ഈ ഭേദഗതി മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യങ്ങളില്‍പ്പോലും മദ്യവില്പനയ്ക്കുള്ള പഴുതുകണ്ടെത്തുന്നതാണ്.
മദ്യവില്പനയും വിതരണവും ഉപയോഗവും മൗലീകാവകാശമല്ലെന്നുള്ള സുപ്രീംകോടതി വിധികള്‍ നിലനില്‍ക്കെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത മദ്യത്തെ അടിയന്തിരസാഹചര്യത്തില്‍ വിതരണം ചെയ്യാമെന്നുള്ള ഈ ഭേദഗതി ഭരണഘടനയുടെ 47-ാം വകുപ്പിനെയും സുപ്രീംകോടതി വിധികളെയും വെല്ലുവിളിക്കുന്നതാണ്.
മരുന്നിനുപകരം മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേചെയ്യപ്പെടുകയും തുടര്‍നടപടികള്‍ക്കായി ബഹു. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയും ചെയ്യുമ്പോഴാണ് ആ ഉത്തരവിന് നിയമസാധുത നല്‍കാനുള്ള ഈ കുല്‍സിത നീക്കം.
ജീവന്‍രക്ഷാമരുന്ന് ലഭ്യമാക്കുന്ന പ്രാധാന്യത്തോടെ മദ്യലഭ്യതയ്ക്കുവേണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇത്തരം നടപടികള്‍ വിചിത്രവും പരിഹാസ്യവുമാണ്. ഇത് അങ്ങേയറ്റത്തെ ജനദ്രോഹവുമാണ്.
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണിത്. കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ അട്ടിമറിക്കുന്നതുമാണ്.
മദ്യലഭ്യത ഇല്ലാതായതിനെത്തുടര്‍ന്ന് സമൂഹത്തിലുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ കണ്ടില്ലെന്നുനടിച്ച് മദ്യാസക്തരെ ഒരുനിലയ്ക്കും മദ്യവിപത്തില്‍നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിന്റെ ഗുണഭോക്താവ് മദ്യലോബി മാത്രമാണ്.
മദ്യലഭ്യത ഇല്ലാതാക്കി മദ്യാസക്തര്‍ അതില്‍നിന്നെല്ലാം പിന്മാറിയാല്‍ അത് നാടിനെന്തോ വന്‍ ആപത്താകുമെന്നമട്ടിലുള്ള ഈ നടപടി സര്‍ക്കാരിനെ എത്രമാത്രം അപഹാസ്യരാക്കുന്നുവെന്ന് എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും മറ്റും ചിന്തിക്കാത്തതെന്നാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്.
മഹാവിപത്തായ കോവിഡിനെ പ്രതിരോധിക്കാനായി സര്‍ക്കാരും സമൂഹവും ഒറ്റക്കെട്ടായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ നിറംകെടുത്തുന്ന ഈ നിയമഭേദഗതി റദ്ദാക്കാന്‍ ഒട്ടുംവൈകരുത്. ഇത്തരം നടപടികള്‍ ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.
സ്‌നേഹപൂര്‍വ്വം

വി.എം.സുധീരന്‍
ശ്രീ പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി
പകര്‍പ്പ് :
ശ്രീമതി. കെ.കെ. ഷൈലജടീച്ചര്‍, ബഹു.ആരോഗ്യവകുപ്പു മന്ത്രി
ശ്രീ. ടി.പി. രാമകൃഷ്ണന്‍, ബഹു.എക്‌സൈസ് വകുപ്പുമന്ത്രി
ശ്രീ. ഇ. ചന്ദ്രശേഖരന്‍, ബഹു.റവന്യൂവകുപ്പു മന്ത്രി
ശ്രീ. എ.കെ.ബാലന്‍, ബഹു. നിയമവകുപ്പ് മന്ത്രി
ശ്രീ. രമേശ് ചെന്നിത്തല ബഹു.പ്രതിപക്ഷനേതാവ്

Image may contain: text