കേരള സര്‍വ്വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പ് ആസൂത്രിതം: സമഗ്ര അന്വേഷണം വേണം – രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, November 16, 2019

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പിലൂടെ തോറ്റ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ ജയിപ്പിച്ച സംഭവത്തില്‍ പഴുതടച്ചുള്ള സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

2016 മുതല്‍ 19 വരെയുള്ള 16 പരീക്ഷകളില്‍ കൃത്രിമം നടന്നു എന്ന വിവരം ഞെട്ടിക്കുന്നതാണ്. ഇതിന്റെ വ്യാപ്തി ഇനിയും വര്‍ദ്ധിക്കാനാണ് സാദ്ധ്യത. വളരെ ആസൂത്രിതമായി നടന്ന തട്ടിപ്പാണിത്. കഴിഞ്ഞ വര്‍ഷം സ്ഥലം മാറിപ്പോയ ഒരു ഉദ്യോഗസ്ഥയില്‍ മാത്രമായി കേസ് ഒതുക്കരുത്. വിപുലവും ആഴത്തിലുള്ളതുമായ അന്വേഷണം തന്നെ വേണം. നേരത്തെ മന്ത്രിയും അദ്ദേഹത്തിന്റെ പഴ്‌സണല്‍ സ്റ്റാഫും ഇടപെട്ട് ചട്ടങ്ങള്‍ ലംഘിച്ച് മാര്‍ക്ക് ദാനം നടത്തിയത് വിവാദമുണ്ടാക്കിയിരുന്നു. ചട്ടം താന്‍ ഇനിയും ലംഘിക്കുമെന്ന് മന്ത്രി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതിന്റെ പിന്നാലെയാണ് ഗുരുതരമായ മറ്റൊരു മാര്‍ക്ക് തട്ടിപ്പിന്റെ വിവരം കേരള സര്‍വ്വകലാശാലയില്‍ നിന്ന് പുറത്തു വരുന്നത്. കേരളത്തിലെ സര്‍വ്വകലാശാലകളുടെ അന്തസ്സിനെയും മൂല്യത്തെയും ഇടിച്ചു താഴ്ത്തുന്നവയാണ് ഈ സംഭവങ്ങള്‍. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിലെ പഴുതുകള്‍ പൂണ്ണമായും അടയ്ക്കുകയും പരീക്ഷാ സംവിധാനം കുറ്റമറ്റതാക്കുകയും വേണം. സര്‍വ്വകലാശാലയുടെ അന്തസ്സ് വീണ്ടെടുക്കാനുള്ള ക്രിയാത്മകമായ പരിശ്രമം ഉടന്‍ ആരംഭിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.