ശബരിമലയുടെ പേര് പറഞ്ഞ് ബി.ജെ.പി വിശ്വാസികളെ വഞ്ചിച്ചു; തെരഞ്ഞെടുപ്പില്‍ കണ്ടത് അയ്യപ്പനെ സ്‌നേഹിക്കുന്നവരുടെ വികാരം: എന്‍.എസ്.എസ്

Jaihind Webdesk
Sunday, June 23, 2019

G-Sukumaran-Nair

ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ ബി.ജെ.പി വിശ്വാസികളെ വഞ്ചിച്ചെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അധികാരം കൈയിലുണ്ടായിട്ടും ബി.ജെ.പി വിശ്വാസികളെ സഹായിച്ചില്ല. കോടതി വിധിയെ ഈശ്വര വിശ്വാസം തകര്‍ക്കാനുള്ള അവസരമായിട്ടാണ് ഇടതു സര്‍ക്കാര്‍ ഉപയോഗിച്ചത്. എല്ലാ മതങ്ങളിലേയും ശബരിമല അയ്യപ്പനെ സ്നേഹിക്കുന്ന വിശ്വാസികളുടെ വികാരമാണു ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് ആസ്ഥാനത്ത് 2019-20 വര്‍ഷത്തേക്കുള്ള 122.5 കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയെ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. അതേസമയം കോടതി വിധിയെ ഈശ്വര വിശ്വാസം തകര്‍ക്കാനുള്ള അവസരമായിട്ടാണ് ഇടതു സര്‍ക്കാര്‍ ഉപയോഗിച്ചത്. വിധി നടപ്പാക്കാന്‍ സമയം ചോദിക്കണമെന്നും പുനപരിശോധനാ ഹര്‍ജി കൊടുക്കണമെന്നും ഇടതു സര്‍ക്കാരിനോടു കാലുപിടിച്ചു പറഞ്ഞിട്ടും വഴങ്ങിയില്ല. യു.ഡി.എഫ് മാത്രമാണു നിയമ നടപടി സ്വീകരിക്കുകയും സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്തത്. അതു കൊണ്ടാണ് അവര്‍ക്ക് ഈ നേട്ടം കൊയ്യാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസിലെ തമ്മിലടി മൂലമാണു ആലപ്പുഴയില്‍ മാത്രം യുഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമല പ്രശ്നത്തില്‍ കോടതി മാത്രമാണു ആശ്രയം. വിശ്വാസ സംരക്ഷണത്തിനായി ഏതറ്റം വരെയും എന്‍എസ്എസ് പോകും. സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല വിധി സംബന്ധിച്ചു പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച എന്‍.കെ. പ്രേമചന്ദ്രനെ അദ്ദേഹം അഭിനന്ദിച്ചു.