കൈക്കൂലി വാങ്ങാന്‍ വിസമ്മതിച്ചതാണ് ചീഫ് ജസ്റ്റിസിനെ ലൈംഗിക ആരോപണത്തില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്ന് അഭിഭാഷകന്‍; ജെറ്റ് എയര്‍വേയ്‌സ് മാനേജ്‌മെന്റ് ഗൂഢാലോചന നടത്തുന്നുവെന്നും ആരോപണം

Jaihind Webdesk
Tuesday, April 23, 2019

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ കുടുക്കാനാണ് ലൈംഗികാരോപണം ഉയര്‍ത്തിയതെന്ന് ആരോപിച്ച് അഭിഭാഷകന്‍ . അഭിഭാഷകനെ സുപ്രീം കോടതി നാളെ വിളിച്ചു വരുത്തും. ദില്ലി സ്വദേശിയായ അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സിനാണ് സുപ്രീം കോടതി നോട്ടീസയച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനാരോപണം സ്വമേധയാ കേസെടുത്ത് പരിഗണിക്കുന്നത്. ജെറ്റ് എയര്‍വേയ്സിന്റെ കേസില്‍ ചീഫ് ജസ്റ്റിസിന് കൈക്കൂലി നല്‍കി വശത്താക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടപ്പോഴാണ് ലൈംഗിക ആരോപണം ഉയര്‍ന്നതെന്നാണ് ബെയിന്‍സ് പറഞ്ഞത്.

ജെറ്റ് എയര്‍വേയ്‌സിന്റെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന നരേഷ് ഗോയലും, വാതുവെയ്പ്പുകാരനും ഇടനിലക്കാരനുമായ രമേശ് ശര്‍മയുമാണ് ഈ ആരോപണത്തിന് പിന്നില്‍ എന്നാണ് ഉത്സവ് ബെയ്ന്‍സ് ആരോപിച്ചത്. പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്‌സിനെതിരായ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ അനുകൂല വിധി കിട്ടാനും കടങ്ങള്‍ എഴുതിത്തള്ളാനുമായി നരേഷ് ഗോയല്‍ ചീഫ് ജസ്റ്റിസിന് കോഴ കൊടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു ബെയ്ന്‍സിന്റെ വെളിപ്പെടുത്തല്‍. ജെറ്റ് എയര്‍വേയ്‌സില്‍ വിവാദ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് നിക്ഷേപമുണ്ടെന്നും, കോഴ കൊടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ ഇത്തരമൊരു വ്യാജ ആരോപണമുന്നയിക്കുകയായിരുന്നെന്നുമാണ് അഭിഭാഷകന്‍ പറയുന്നത്.

എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ തെളിവുകളടക്കം ഹാജരാക്കാനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്സവ് ബെയ്ന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിധി പറയാന്‍ പണം നല്‍കുന്ന ഏര്‍പ്പാട് സുപ്രീം കോടതിയില്‍ നിര്‍ത്തലാക്കാനായിരുന്നു ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ശ്രമമെന്നും അദ്ദേഹത്തെ തോല്‍പ്പിക്കാനും സ്ഥാനഭ്രഷ്ഠനാക്കാനും ശ്രമിക്കുന്നതിന്റെ ഭാഗമായിരുന്നു ആരോപണമെന്നുമാണ് ബെയ്ന്‍സ് പറയുന്നത്.

യുവതിയുടെ ആരോപണത്തിലെ വസ്തുതാപ്പിഴവുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഈ കേസിലെ ഇടനിലക്കാരനായ ‘അജയ്’ എന്നയാള്‍ തന്നെ സമീപിച്ചെന്നും ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ 50 ലക്ഷം രൂപ തരാമെന്ന് പറഞ്ഞെന്നും അഭിഭാഷകന്‍ പറയുന്നു. നിരസിച്ചപ്പോള്‍ വാഗ്ദാനം ഒന്നരക്കോടിയായി ഉയര്‍ന്നു. അജയ് പരാതിക്കാരിയുടെ ബന്ധുവാണെന്നും ബെയ്ന്‍സ് വ്യക്തമാക്കുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ബെയ്ന്‍സിന്റെ ആവശ്യം.