കൊച്ചി : ഡേ കെയർ വാഹനം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജീപ്പ് ഡ്രൈവർ അനിൽകുമാറിനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്താണ് അന്വേഷണം. സംഭവത്തിൽ ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. അപകടം നടന്ന സ്ഥലത്ത് സംരക്ഷണ ഭിത്തി കെട്ടാൻ മരട് നഗരസഭ തീരുമാനിച്ചു.
https://www.youtube.com/watch?v=UX2d33zfZS8
അപകടത്തിന് ഡ്രൈവറുടെ അശ്രദ്ധയും റോഡിന്‍റെ അപാകതയും പ്രശ്നമായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.
സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ സ്കൂൾ വാൻ അപകടത്തിൽ പെടുന്നതിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. നല്ല വളവുള്ള റോഡിൽ വേഗതയിലെത്തിയ വാഹനം പെട്ടെന്ന് വെട്ടിച്ച് പോകുന്നത് കാണാം. തുടർന്നാണ് ടയർ തെന്നി റോഡിന് സമാന്തരമായ കുളത്തിലേക്ക് വാൻ നീങ്ങുന്നത്. വാഹനം ഓടിച്ച ഡ്രൈവർ അനിൽകുമാറിന് ലൈസൻസും വാഹനത്തിന് അടുത്ത രണ്ട് വർഷത്തേക്ക് കൂടി പെർമിറ്റുമുണ്ട്.
എന്നാൽ സ്കൂൾ വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ ഫിറ്റ്നസ് സിറ്റിക്കർ വാഹനത്തിനില്ല. ഇക്കാര്യത്തിൽ വന്ന വീഴ്ച അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അപകടത്തിൽ പരിക്കേറ്റ സ്കൂൾ വാൻ ഡ്രൈവർ അനിൽകുമാർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. മനപൂർവ്വമല്ലാത്ത നരഹത്യക് ഇയാൾക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. സ്കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കിൽ അവരെയും പ്രതി ചേർക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ട്രാഫിക് സിഐയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം അപകടം നടന്ന സ്ഥലത്തെത്തി തെളിവെടുത്തു. സംഭവത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഇന്ന് തന്നെ സർക്കാറിന് സമർപ്പിക്കും.
അപകടം നടന്ന സ്ഥലത്ത്സംരക്ഷണ ഭിത്തി നിർമാണം ഉടൻ തുടങ്ങുമെന്ന് നഗരസഭ അറിയിച്ചു. ഒരു വർഷം മുൻപ് ഇതേ സ്ഥലത്ത് ടിപ്പർ കുളത്തിലേക്ക് മറിഞ്ഞിരന്നു. അന്നു മുതൽ സംരക്ഷണ ഭിത്തി വേണമെന്ന് നാട്ടുകാർ ആവശ്യമുന്നയിച്ചിരുന്നെങ്കിലും അധികാരികൾ കണ്ടില്ലെന്ന് നടിച്ചതാണ് സ്കൂൾ വാൻ ദുരന്തത്തിലേക്ക് വഴിവച്ചത്.