
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന വാദത്തെ പരിഹാസത്തോടെയും വെല്ലുവിളികളോടെയുമാണ് സോഷ്യല്‍ മീഡിയ വരവേല്‍ക്കുന്നത്. മന്ത്രിയുടേത് ‘ഓസ്കാര്‍ ലെവല്‍’ അഭിനയമാണെന്നും സര്‍ക്കാര്‍ തിരക്കഥ പൊളിഞ്ഞുവെന്നും ആരോപിച്ച് യു.ഡി.എഫ് സൈബര്‍ അണികള്‍ രംഗത്തെത്തിയതോടെ സംഭവം കൗതുകകരമായ ‘റിവാര്‍ഡ് ചലഞ്ചുകളിലേക്ക്’ വഴിമാറി.
മന്ത്രിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നത് കണ്ടവരുണ്ടോ എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ ട്രോളന്മാര്. മന്ത്രിയെ കെ.എസ്.യുക്കാര്‍ ആക്രമിച്ചുവെന്ന പച്ചക്കള്ളത്തിന് ആരെങ്കിലും തെളിവ് ഹാജരാക്കിയാല്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജോണി ചെക്കിട്ട വെല്ലുവിളിച്ചു. മന്ത്രിയെ തൊട്ടുവെന്ന് തെളിയിക്കുന്നവര്‍ക്ക് ഒരു പവന് സ്വര്‍ണ്ണമാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനു പിന്നാലെ, മര്‍ദ്ദന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് ‘കുഴിമന്തി’ നല്‍കുമെന്ന പരിഹാസവുമായി കെ.എസ്.യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയും രംഗത്തെത്തി.
പ്ലാറ്റ്ഫോമില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സര്‍ക്കാരിന്റെ കള്ളക്കഥകളെ പൊളിച്ചടുക്കുന്നത്. പ്രതിഷേധക്കാരെ കണ്ടപ്പോള്‍ ആക്രോശിച്ച് പാഞ്ഞടുത്ത മന്ത്രി, പിന്നീട് മാധ്യമപ്രവര്‍ത്തകരോട് വളരെ സന്തോഷവതിയായി ചിരിച്ചു സംസാരിക്കുന്നത് വീഡിയോകളില്‍ വ്യക്തമാണ്. എന്നാല്‍ സ്പീക്കര്‍ എ.എന്‍. ഷംസീറുമായി സംസാരിച്ച നിമിഷം മുതല്‍ മന്ത്രി കഴുത്തില്‍ കൈവെച്ചു തുടങ്ങിയെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രധാന കണ്ടെത്തല്‍. ഷംസീറിന്റെ ഉപദേശത്തിന് പിന്നാലെ മന്ത്രിക്ക് പെട്ടെന്ന് വേദന അനുഭവപ്പെട്ടത് പഴയ ‘എസ്.എഫ്.ഐ നാടക ബുദ്ധി’ യാണെന്ന് കോണ്‍ഗ്രസ് അണികള്‍ പരിഹസിക്കുന്നു.
മന്ത്രിയെ ആരും തൊട്ടിട്ടില്ലെന്ന റെയില്‍വേ സംരക്ഷണ സേനയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത പ്രഹരമായി. ഇതിന് പുറമെ, മന്ത്രിയുടെ കയ്യില്‍ കണ്ട പാട് പഴയതാണെന്ന് തെളിയിക്കുന്ന മുന്‍ ദിവസങ്ങളിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പഴയ മുറിവ് കാട്ടി കെ.എസ്.യുക്കാരുടെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കം സി.സി.ടി.വി ദൃശ്യങ്ങള്‍ വന്നതോടെ ദയനീയമായി പരാജയപ്പെട്ടു.
സാധാരണ നിലയില്‍ പ്ലാറ്റ്ഫോമിലൂടെ നടന്നുപോയ മന്ത്രി എങ്ങനെ മിനിറ്റുകള്‍ക്കുള്ളില്‍ സ്ട്രെച്ചറിലായി എന്നതിനെക്കുറിച്ചും, മന്ത്രിക്ക് സംസാരിക്കാന്‍ വയ്യെന്ന് സ്പീക്കര്‍ മാധ്യമങ്ങളോട് പറയുന്നതിനെക്കുറിച്ചും രസകരമായ പോസ്റ്റുകള്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ നിറയുകയാണ്. അഴിമതികളില്‍ മുങ്ങിക്കുളിച്ച ആരോഗ്യവകുപ്പില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ മന്ത്രിയും സ്പീക്കറും ചേര്‍ന്ന് നടത്തിയ ഈ ‘നാടകം’ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതിന്റെ തെളിവാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഈ രൂക്ഷമായ പരിഹാസങ്ങള്‍.